ശബരിമല തീര്ഥാടനത്തോടനുബന്ധിച്ച് നവംബര് 11 മുതല് 2027 ജനുവരി 25 വരെ പമ്പ മുതല് സന്നിധാനം വരെയുള്ള തീര്ഥാടന പാതയില് അനധികൃത വഴിയോര കച്ചവടവും വടശ്ശേരിക്കര മുതല് അട്ടത്തോട് വരെയുളള തീര്ഥാടന പാതകളുടെ വശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന് വിടുന്നതും നിരോധിച്ച് ജില്ല കലക്ടര് എ നിസാമുദ്ദീന് ഉത്തരവായി.
ഡ്രോണ് ഉപയോഗം നിരോധിച്ചു
ശബരിമല തീര്ഥാടന കാലയളവില് സന്നിധാനം, പമ്പ, നിലയ്ക്കല്, അനുബന്ധ വനമേഖലകള് എന്നിവിടങ്ങളില് ഔദ്യോഗിക ആവശ്യങ്ങള്ക്കല്ലാതെയുള്ള ഡ്രോണ് ഉപയോഗം പൂര്ണമായി നിരോധിച്ച് ജില്ല കലക്ടര് എ നിസാമുദ്ദീന് ഉത്തരവായി. സുരക്ഷ ഏജന്സികളുടെ ഔദ്യോഗിക ആവശ്യങ്ങള്ക്ക് ജില്ല പൊലീസ് മേധാവിയുടെ മുന്കൂര് അനുമതിയോടെ മാത്രമേ ഡ്രോണ് ഉപയോഗിക്കാന് പാടുള്ളൂ. സന്നിധാനം, പമ്പ, നിലയ്ക്കല് എന്നീ കേന്ദ്രങ്ങളും അനുബന്ധ വനമേഖലകളും തീര്ത്ഥാടന കാലയളവില് വന് ജനത്തിരക്ക് അനുഭവപ്പെടുന്ന അതിലോലമായ പ്രദേശങ്ങളായതിനാലും ഈ മേഖലകളില് അനധികൃതമായ ഡ്രോണ് ഉപയോഗം തീര്ത്ഥാടകരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്നതിനാലും സുരക്ഷാ ക്രമീകരണങ്ങള്ക്ക് ഗുരുതരമായ വെല്ലുവിളി ഉയര്ത്തുന്നതിനാലും വനമേഖലയിലെ വന്യജീവികള്ക്ക് ശല്യമുണ്ടാക്കുന്നതിനാലുമാണ് നിരോധനം.
നാലമ്പലങ്ങള്ക്കുള്ളില് ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ചു:
ശബരിമല തീര്ഥാടനം 2026-27 കാലയളവില് സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളിലെ നാലമ്പലങ്ങള്ക്കുള്ളില് ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ല കലക്ടര് എ നിസാമുദ്ദീന് ഉത്തരവായി. സുരക്ഷ, ഔദ്യോഗിക ആവശ്യങ്ങള്ക്കായി ബന്ധപ്പെട്ട അധികാരികളുടെ മുന്കൂര് അനുമതിയോടെ നടത്തുന്ന ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധനത്തിന്റെ പരിധിയില് ഉള്പ്പെടില്ല. നാലമ്പലങ്ങള്ക്കുള്ളിലെ അനിയന്ത്രിതമായ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും തീര്ഥാടകരുടെ സുഗമമായ ദര്ശനത്തിന് തടസ്സം സൃഷ്ടിടിക്കുന്നതിനും തിക്കും തിരക്കും വര്ദ്ധിപ്പിക്കുന്നതിനും തല്ഫലമായി അപകടസാധ്യത കൂടുന്നതിനും കാരണമായതിനാലാണ് നിരോധനം.
ഹോട്ടലുകളില് ഗ്യാസ് സിലിണ്ടര് ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തി
ശബരിമല തീര്ഥാടനം 2026-27 കാലയളവില് ളാഹ മുതല് സന്നിധാനം വരെയുള്ള ഹോട്ടലുകളില് ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള് അപകടകരമായി പൊതു സ്ഥലങ്ങളില് സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ല കലക്ടര് എ നിസാമുദ്ദീന് ഉത്തരവായി. ജില്ലയിലെ വിവിധ ഭാഗങ്ങളില് നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇക്കാലയളവില് ളാഹ മുതല് സന്നിധാനം വരെയുളള തീര്ഥാടന പാതകളിലെ ഭക്ഷണശാലകളില് മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്പ്പന നടത്തുന്നതിനും നിരോധനമുണ്ട്.