സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു. ഹൈദരാബാദ് സ്വദേശിയും ഐ.ടി ജീവനക്കാരനുമായ അലി മുഹമ്മദലിയാണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഉംറ തീർഥാടനത്തിനായി സൗദിയിലെത്തിയതായിരുന്നു ഇദ്ദേഹം. അലിയുടെ ഭാര്യയും രണ്ട് മക്കളും ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലെത്തിയ അലിയും കുടുംബവും മദീനയിലേക്ക് പോകാനായി ചെക്ക് ഇൻ ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. റിയാദിന് നേരെ വന്ന മിസൈൽ സൗദി പ്രതിരോധ സേന തകർത്തതിനെ തുടർന്ന് ഇതിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിൽ പതിക്കുകയായിരുന്നു. ഇതിനു പിന്നാലെയുണ്ടായ ശക്തമായ സ്ഫോടനത്തിലാണ് അലിക്കും കുടുംബത്തിനും മാരകമായി പരിക്കേറ്റത്.
ആക്രമണത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരും ബംഗ്ലാദേശിൽ നിന്നുള്ള രണ്ടുപേരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ