പാക് പൈലറ്റുമാർക്ക് എയർ ഫ്രാൻസ് ഇസ്രയേൽ വിമാന സർവീസുകളിൽ വിലക്കേർപ്പെടുത്തി

Oct 15, 2026 - 12:23
Oct 15, 2026 - 12:31
 0
പാക് പൈലറ്റുമാർക്ക് എയർ ഫ്രാൻസ് ഇസ്രയേൽ വിമാന സർവീസുകളിൽ വിലക്കേർപ്പെടുത്തി
ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ പാകിസ്ഥാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും വിലക്കേർപ്പെടുത്തി ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിമാന ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽഅവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലെ സുരക്ഷാ സംഭവത്തിന് പിന്നാലെയാണ് ഇസ്രയേൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. എയർ ഫ്രാൻസിന് പിന്നാലെ അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും നിയന്ത്രണങ്ങൾ ജീവനക്കാരെ അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കിലെ പ്രമുഖ വിമാനക്കമ്പനിയായ സ്മാർട്ട്‌വിങ്‌സും ഇസ്രയേലിന്റെ നിബന്ധനകൾ പാലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രഞ്ച് വ്യോമയാന വാർത്താ സ്ഥാപനമായ സി.എച്ച്-ഏവിയേഷൻ ഒക്ടോബർ 13-ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇസ്രയേൽ ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കുന്നതായി എയർ ഫ്രാൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസ് നിയന്ത്രണങ്ങൾ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
സി.എച്ച് ഏവിയേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയ 29 രാജ്യങ്ങളുടെ പട്ടിക യുണൈറ്റഡ് എയർലൈൻസിന്റെ ആഭ്യന്തര മെമ്മോയിലുണ്ട്.
അഫ്ഗാനിസ്ഥാൻ, അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണെ, കൊമോറോസ്, ക്യൂബ, ജിബൂട്ടി, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലെബനൻ, ലിബിയ, മലേഷ്യ, മാലദ്വീപ്, മാലി, മൗറിറ്റാനിയ, നൈജർ, ഉത്തരകൊറിയ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, ടുണീഷ്യ, വെനസ്വേല, യെമൻ എന്നിവയാണ് പട്ടികയിലുള്ള രാജ്യങ്ങൾ. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്കും ഇരട്ട പൗരത്വമുള്ള ചില ജീവനക്കാർക്കും നിയന്ത്രണം ബാധകമാകും.
പുതിയ നിയന്ത്രണങ്ങൾ പ്രായോഗികമായ സാഹചര്യത്തിൽ എത്യോപ്യൻ എയർലൈൻസിന്റെ ഒരു വിമാനത്തിന് തിരിച്ചുപോകേണ്ടിവന്നു. യാത്ര തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ഇന്തോനേഷ്യൻ പൈലറ്റ് വിമാനത്തിലുണ്ടെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് വിമാനം തിരിച്ചയക്കാൻ നിർദേശിക്കുകയായിരുന്നു. വിമാനം എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ തിരിച്ചിറക്കി പൈലറ്റിനെ മാറ്റിയശേഷം വീണ്ടും പുറപ്പെട്ട് ടെൽ അവീവിൽ എത്തി.
ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യമാണ് ഇന്തോനേഷ്യ. നിയന്ത്രണങ്ങൾ ബാധിക്കുന്ന ജീവനക്കാർ ഡ്യൂട്ടി ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്ന് യുണൈറ്റഡ് എയർലൈൻസ് നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് ഇസ്രയേൽ ഗതാഗത-റോഡ് സുരക്ഷാ മന്ത്രാലയം വിദേശ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളുടെ പൗരത്വമുള്ള പൈലറ്റുമാരും ക്യാബിൻ ക്രൂ അംഗങ്ങളും ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ ജോലി ചെയ്യരുതെന്നാണ് നിർദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow