ഫ്ലൈദുബായ് വിമാനാക്രമണം : ഒമാനി പൈലറ്റിന്റെ ഓസ്‌ട്രേലിയൻ ബന്ധങ്ങളിൽ അന്വേഷണം
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനാക്രമണക്കേസിൽ സഹപൈലറ്റിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പ്രതി ഓസ്‌ട്രേലിയയിൽ രണ്ട് വർഷത്തോളം സ്റ്റുഡന്റ് വിസയിൽ കഴിഞ്ഞിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചതായി 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 30-നാണ് 174 യാത്രക്കാരും ജീവനക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനമായ FZ1073-ൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിൻ്റെ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻദുരന്തം ഒഴിവായി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും സൗദി അധികൃതർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാഴാഴ്ച ഇയാളെ യുഎഇക്ക് കൈമാറിയിട്ടുണ്ട്.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പ്രതിക്ക് 2014-ൽ ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ ലഭിക്കുകയും 2015-ൽ യൂണിവേഴ്‌സിറ്റി പഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുകയും ചെയ്തിരുന്നു. 2017 വരെ രാജ്യത്ത് തുടർന്ന ഇയാൾ പിന്നീട് ഓസ്‌ട്രേലിയ വിട്ടു. തുടർന്ന് 2019-ൽ കോഴ്‌സ് പൂർത്തിയാക്കാത്തതിനെ തുടർന്ന് അധികൃതർ ഇയാളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസും ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ചേർന്ന് ഇയാളുടെ ഓസ്‌ട്രേലിയൻ ബന്ധങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
യുഎഇ, ഇസ്രായേൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ലക്ഷ്യങ്ങളോ മറ്റ് ഗൂഢാലോചനകളോ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. വിമാനത്തിലെ നിർണായക സംഭവങ്ങളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫ്ലൈ ദുബായ് ചീഫ് എക്സിക്യൂട്ടീവ് ഗൈത്ത് അൽ ഗൈത്ത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
What's Your Reaction?