പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷ ഓൺലൈൻ വഴിയാകും
പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗതിയില്‍
പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗതിയില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലുകളായ ഹുക്കുമി, മെട്രാഷ് 2 എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നതെന്ന് പാസ്പോർട്ട് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടർ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖാണ് വെളിപ്പെടുത്തിയത്.
പ്രാദേശിക ദിനപത്രമായ ദ പെനിൻസുലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമം നടപ്പാക്കിയ ശേഷം കുടുംബ റസിഡന്‍സി പെര്‍മിറ്റിന് സര്‍വകലാശാലാ ബിരുദം വേണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്.
അപേക്ഷകർ കുടുംബത്തെ പരിപാലിക്കാന്‍ പ്രാപ്തരാണോ എന്നത് ഉറപ്പാക്കാന്‍ അപേക്ഷകന്റെ ജോലി, ശമ്പളം, താമസ സൗകര്യം എന്നിവ വിലയിരുത്തിയാണ് കുടുംബ വീസ അനുവദിക്കുന്നത്. വര്‍ഷം തോറും കുടുംബ റസിഡന്റ്സി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ വര്‍ധിച്ചു വരികയാണ്. 2018 ല്‍ 40,160 അപേക്ഷകൾ അനുവദിച്ചു. 2017ല്‍ ഇത് 39,612 ആയിരുന്നു.
കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഖത്തര്‍ വീസ കേന്ദ്രങ്ങള്‍ തുറക്കാനുളള പദ്ധതിയിലാണ് അധികൃതര്‍. തൊഴിലാളി റിക്രൂട്ട്‌മെന്റിന്റെ പ്രധാന ഉറവിടം ഏഷ്യന്‍ രാജ്യങ്ങള്‍ ആയതിനാല്‍ നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
കുടുംബ റസിഡന്‍സി പെര്‍മിറ്റ് എടുക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. നേരത്തെ അപേക്ഷകന്‍ അധികൃതരുമായുള്ള അഭിമുഖത്തിനായി പാസ്‌പോര്‍ട്ട് ആസ്ഥാനം സന്ദര്‍ശിക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോൾ അഭിമുഖം സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സാധ്യമാണ്.
രാജ്യത്ത് താമസാനുമതി രേഖയുള്ള മാതാപിതാക്കളുടെ കുട്ടിയുടെ ജനനം രാജ്യത്തിന് പുറത്താണെങ്കില്‍ കുട്ടി ജനിച്ച് 6 മാസത്തിനുള്ളില്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ രാജ്യത്തേക്ക് അടിയന്തര പ്രവേശന വീസ അനുവദിക്കുന്നുണ്ട്. ജനിച്ച് 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ പ്രവേശന വീസക്ക് മുന്‍കൂട്ടി അപേക്ഷിച്ചിരിക്കണം.
രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കള്‍ക്ക് വീസ മാറാതെ തന്നെ രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതിയും അടുത്തിടെ നല്‍കിയിരുന്നു.
താമസാനുമതി രേഖ യഥാസമയം പുതുക്കാതിരിക്കുന്നത് നിയമലംഘനമാണ്. നിയമപ്രകാരം കാലാവധി കഴിഞ്ഞാല്‍ വീസ പുതുക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം 3 മാസമാണ്. ഇതിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ അതിന് ശേഷം ഓരോ ദിവസവും 10 റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. അതേസമയം രാജ്യത്തെത്തുന്ന സന്ദര്‍ശകൻ കാലാവധി കഴിഞ്ഞും വീസ പുതുക്കിയില്ലെങ്കില്‍ 200 റിയാലാണ് പ്രതിദിനം അടയ്ക്കേണ്ട പിഴ. സന്ദര്‍ശകന്‍ കാലാവധി കഴിഞ്ഞും വീസ പുതുക്കാതിരുന്നാല്‍ പരമാവധി 12,000 റിയാലും രാജ്യത്ത് റസിഡന്റ് പെര്‍മിറ്റ് ഉള്ള വ്യക്തിയുടെ കാര്യത്തില്‍ പരമാവധി പിഴ തുക 6,000 റിയാലുമാണ്
What's Your Reaction?