പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചു; കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്

Oct 25, 2026 - 11:39
 0
പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചു; കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്

കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫിൻ്റേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്. പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ഷാജിറിനും കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ ഭാരവാഹികൾക്കും പണം നൽകിയതായും ശബ്ദ സന്ദേശത്തിൽ പറയുന്നു. എന്നാൽ ആസിഫിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും പ്രതികരിച്ചു.

മുൻ പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ്റേയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റൈയും പേര് ശബ്ദസന്ദേശത്തിലുണ്ട്. ഷാനവാസ് പാദൂരിന് 3 ലക്ഷം കൊടുക്കുമെന്നും ഷാനവാസ് പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ബേബി ബാലകൃഷ്ണൻ്റെ മകൻ്റെ അക്കൗണ്ടിലേക്ക് പണം ഇട്ടതായുള്ള യുപിഐ ഇടപാടും സ്ക്രീൻഷോട്ടിലുണ്ട്. അതേസമയം, സംഭവം പുറത്തുവന്നതോടെ ശബ്ദം തൻ്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു.

തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പണമിടപാടിൻ്റെ സ്‌ക്രീൻ ഷോട്ടുകളിലും അന്വേഷണം വേണമെന്നും മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരിക്കുകയാണ് കാർട്ടൺ ഇന്ത്യ അലയൻസ് എംഡി. അതിനിടെ, പണം വാങ്ങിയിട്ടില്ലെന്ന് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും പ്രതികരിച്ചു. പിപി ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാർട്ടൺ ഇന്ത്യ അലയൻസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow