മണ്ണിടിച്ചിൽ ഭീഷണി: ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ ഉത്തരവ്

Oct 14, 2026 - 13:05
 0

തിരുവനന്തപുരം: ആക്കുളം ഗുഡ് ഷെപ്പേർഡ് സ്കൂൾ കോമ്പൗണ്ടിലെ അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് സമീപത്തെ പി.ആർ.എസ്. ലേക്ക് വില്ല ഫ്ലാറ്റ് അപകടാവസ്ഥയിലായി. സംഭവത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ അഞ്ജു കെ.എസ്. ഉത്തരവിട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയാണ് ജില്ലാ കളക്ടർ.

ഫ്ലാറ്റിന് വെറും നാല് മീറ്റർ മാത്രം അകലെയാണ് രൂക്ഷമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. പാർശ്വഭിത്തി പൂർണ്ണമായും തകർന്ന് വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഫ്ലാറ്റിന് മുൻവശത്തെ റോഡ് ഏകദേശം 50 മീറ്റർ നീളത്തിലും 15 മീറ്റർ ഉയരത്തിലും ഇടിഞ്ഞുപോയി.സുരക്ഷാ മുൻകരുതലുകളോ പെർമിറ്റ് നിബന്ധനകൾ പ്രകാരമുള്ള റീട്ടെയിനിംഗ് വാളോ നിർമ്മിക്കാതെ സ്കൂൾ അധികൃതർ അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണം.

അപകടഭീഷണിയിലായ ഫ്ലാറ്റിലെ താമസക്കാരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം തഹസിൽദാർ, നഗരസഭാ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക റസിഡന്റ്സ് അസോസിയേഷൻ വില്ലേജ് ഓഫീസർക്ക് നൽകണം. ഇതിനുള്ള താമസസൗകര്യം സ്കൂൾ അധികൃതരാണ് ഒരുക്കേണ്ടത്.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്: മണ്ണ് ഇടിഞ്ഞ ഭാഗം അടിയന്തരമായി ബലപ്പെടുത്തി ഫ്ലാറ്റിന്റെ അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കുന്നതുവരെ സ്കൂളിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കണം.

അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രൊപ്പോസൽ സ്കൂൾ അധികൃതർ സമർപ്പിക്കേണ്ടതാണ്. പൊതുമരാമത്ത്, നഗരസഭ, മണ്ണ് സംരക്ഷണം, മൈനിംഗ് ആൻഡ് ജിയോളജി എന്നീ വകുപ്പുകൾ ഇത് പരിശോധിച്ച് അനുമതി നൽകണം. നിർമ്മാണത്തിന് ലഭിച്ച അനുമതിക്കുള്ളിൽ നിന്നുകൊണ്ടാണോ പ്രവർത്തികൾ നടന്നതെന്നും, അനുവദിച്ച പെർമിറ്റിൽ കൂടുതൽ മണ്ണ് നീക്കിയിട്ടുണ്ടോ എന്നും നഗരസഭ സെക്രട്ടറിയും ജില്ലാ ജിയോളജിസ്റ്റും പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow