ആക്രമണത്തിൽ പരുക്കേറ്റ ബി.ജെ.പി പഞ്ചായത്ത് അംഗത്തെ ആശുപത്രിയിൽ പ്രവേശിച്ചു. സി.പി.എം.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രക്കിടയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരുക്കേല്പിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
റാന്നി പഞ്ചായത്ത് പുതുശ്ശേരിമല ഏഴാം വാര്‍ഡ് മെമ്പര്‍ അടിച്ചിനാല്‍ നിരവേലില്‍ എ.സ്.വിനോദിനാണ് കുത്തേറ്റത്. പരുക്കേറ്റ വിനോദ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സ തേടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡില്‍ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് വിനോദ് പറയുന്നു. കാറിനുള്ളില്‍ ഇരുന്ന വിനോദിന്റെ കണ്ണിന് നേരെ കുത്തിയപ്പോള്‍ തല വെട്ടിച്ചതിനാല്‍ മുഖത്ത് കൊള്ളുകയായിരുന്നു.
മര്‍ദനത്തില്‍ ശരീരത്തില്‍ മറ്റ് പരുക്കുകളും ഉണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോൾ മുതല്‍ ഇവരുടെ നേതൃത്വത്തില്‍ തന്നെ വകവരുത്താന്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഉടൻ സ്ഥലത്തെത്തിയ പോലീസ് വിനോദിനെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഘം ചേര്‍ന്ന് അക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നടപടി ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി പ്രതികൾ തനിക്കെതിരെ പോലീസില്‍ പരാതി നല്കിയതായും വിനോദ് പറഞ്ഞു. ഇതിൽ രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്നുണ്ട്.