ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം: 100 മീറ്റർ നീളവും 30 മീറ്റർ വീതി. താമസക്കാർ വെറും 52 പേർ

Jan 5, 2024 - 17:36
 0
ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം: 100 മീറ്റർ നീളവും 30 മീറ്റർ വീതി. താമസക്കാർ വെറും 52 പേർ

പല രാജ്യങ്ങളിലേക്കും യാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് സ്ഥലങ്ങൾ എല്ലാം കണ്ടു തീർക്കുകയെന്നത്. മണിക്കൂറുകളും ദിവസങ്ങളുമെടുത്താകും പലരും മനോഹരമായ പല സ്ഥലങ്ങളും കണ്ടു തീർക്കുക. എന്നാൽ ലോകത്തിലെ ഒരു സ്ഥലത്ത് മാത്രം ഈയൊരു ബുദ്ധിമുട്ട് നമുക്കുണ്ടാകില്ല.

കാരണം, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണിത്. കുഞ്ഞൻ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ. ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ ഭാഗമായ ഇസ്ട്രിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ഹം’ ആണ് ഈ കുഞ്ഞൻ നഗരം.

ഹമ്മിന്റെ നീളം എന്ന് പറയുന്നത് വെറും 100 മീറ്റർ ആണ്. വെറും 100 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചെറിയതാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1102 മുതലുള്ള രേഖകളിൽ ഈ നഗരത്തെ പറ്റി പരാമർശിക്കുന്നുണ്ട്. മാത്രമല്ല, ചോം എന്നും ഹമ്മിനെ വിളിച്ചിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു.

വച്ച് ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ചു ആളുകൾക്ക് മാത്രം താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഈ നഗരം ആദ്യം ഉണ്ടായിരുന്നത്. സൈന്യങ്ങളൊന്നും ഇവിടേക്ക് കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവൽ നിൽക്കുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഹം.

1552ൽ ബെൽ ടവറും 1802ൽ ഒരു ഇടവക പള്ളിയും ഇവിടെ നിർമ്മിച്ചു. മതിലുകളാൽ ചുറ്റപ്പെട്ട നഗരമാണിത്. മതിലിനുള്ളിൽ പഴയ രീതിയിലുള്ള ആർക്കിടെക്ച്ചറുകൾ കാണാൻ സാധിക്കും. ഇത് കൂടാതെ മറ്റ് തരത്തിലുള്ള വികസനകളൊന്നും കാണാൻ സാധിക്കില്ല.

വളരെ കുറച്ച് തെരുവുകളും വളരെ കുറവ് താമസക്കാരും അടങ്ങിയതാണ് ഈ നഗരം.
വെറും 30 പേർ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത് എന്നാണ് 2011ലെ സെൻസസ് പ്രകാരമുള്ള കണക്കുകൾ പറയുന്നത്. എന്നാൽ 2021 ഓടെ ഇത് 52 ആയി ഉയർന്നിട്ടുണ്ട്.

 ഒക്ടോബറിൽ ഇവിടം സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രാദേശിക ഉത്സവമായ ‘ഗ്രാപ്പ’ ഉത്സവം കാണാൻ സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow