Robin Bus | റോബിൻ ബസ് ; വീണ്ടും സർവീസ് തുടങ്ങി; രണ്ടു കിലോമീറ്ററിൽ എംവിഡി പിടിച്ചു
കോൺട്രാക്ട് കാരേജ് മാതൃകയിൽ സർവ്വീസ് ആരംഭിച്ച റോബിൻ ബസ് രണ്ടു കിലോമീറ്റർ അപ്പുറം തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബസ് സർവീസ് ആരംഭിച്ചത്. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലായിരുന്നു സർവീസ്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബസ് സർവീസ് തുടർന്നു.
പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് നേരത്തെപിടിച്ചെടുത്തിരുന്നു. പിഴ അടച്ചതിന് തുടർന്ന് കോടതി മുഖേനേ ബസ് വിട്ടുനിൽക്കുകയായിരുന്നു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന് ആവശ്യമായ ഫീസ് അടച്ചാൽ റോബിൻ എന്ന സ്വകാര്യ ബസ് ഉടമയ്ക്ക് തന്റെ വാഹനം അഖിലേന്ത്യാ ടൂറിസ്റ്റ് വാഹനമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് (എംവിഡി) ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പിഴ തുകയും പെർമിറ്റിന് ആവശ്യമായ ഫീസും സമർപ്പിക്കാൻ ഹർജിക്കാരനെ പ്രാപ്തമാക്കുന്നതിന് വകുപ്പിന്റെ വെബ് പോർട്ടൽ തുറക്കാനും കോടതി നിർദ്ദേശിച്ചു. വെബ് പോർട്ടൽ ബ്ലോക്ക് ചെയ്‌തതിനാൽ പിഴയടയ്‌ക്കാൻ സാധിച്ചില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ചയാണ് മോട്ടോർ വാഹന വകുപ്പിന് റോബിൻ എന്ന ബസ് ഉടമ ബേബി ഗിരീഷിന് കൈമാറാൻ ഉത്തരവിട്ടത്. ഗതാഗതനിയമം ലംഘിച്ചതിന് 82,000 രൂപ ഗിരീഷ് പിഴയടച്ചതിനെ തുടർന്നാണ് അനുകൂല വിധി വന്നത്. പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി വെയിലും മഴയും ഏൽക്കുമ്പോൾ ബസ് കേടാകുമെന്ന വാദം പരിഗണിച്ച ഹൈക്കോടതി, പിഴയടച്ചാൽ വാഹനം ഉടമയ്ക്ക് തിരികെ നൽകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.
പിഴ അടച്ചിട്ടും ഹൈക്കോടതി ഉത്തരവു വന്നിട്ടും ബസ് വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണ് ബേബി ഗിരീഷ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
നവംബർ 24 ന് പുലർച്ചെ, വാഹനം തുടർച്ചയായി പെർമിറ്റ് നിയമങ്ങൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ട് മോട്ടോർ വാഹവകുപ്പ് ഉദ്യോഗസ്ഥർ റോബിൻ ബസ് പിടിച്ചെടുത്തിരുന്നു.
മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി യാത്ര നടത്താൻ മാത്രമേ റോബിൻ ബസിന് കേരള ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളൂവെന്നും എംവിഡി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ വാഹനങ്ങൾ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റി മറ്റൊരു സ്ഥലത്ത് ഇറക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
What's Your Reaction?