മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Oct 14, 2026 - 12:48
 0
മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം. ജോർജ്ജ് മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി നിർവഹിച്ചു.
മൂവാറ്റുപുഴ നഗരസഭ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മൂവാറ്റുപുഴ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) മൂവാറ്റുപുഴ ഏരിയ, ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പൊതുജനങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദ വിഭാഗത്തിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസങ്ങളിലായി വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇ.എൻ.ടി., ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ചികിത്സാ നിർദ്ദേശങ്ങളും ജനങ്ങൾക്ക് ലഭ്യമായി.
ആയുർവേദ മെഡിക്കൽ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന ആയുർവേദ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്ത 400 പേർക്ക് സൗജന്യ മരുന്ന് വിതരണം നടത്തി. കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്തവർക്കായി സൗജന്യ ഓർമ്മ പരിശോധന (Memory Test), ബി.എം.ഡി. ടെസ്റ്റ് (Bone Mineral Density Test), യൂറിക് ആസിഡ് പരിശോധന എന്നിവയും ക്രമീകരിച്ചിരുന്നു.
ഇടപ്പള്ളി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് പരിശോധനകൾ നടത്തി. ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും അതിനായുള്ള യാത്രാ-താമസ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്തവരിൽ ഡോക്ടർമാർ നിർദ്ദേശിച്ച രോഗികൾക്ക് ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ പരിശോധനകൾ എഎസ്സിഒ (ASCO) ലാബിന്റെ സഹകരണത്തോടെ സൗജന്യമായി നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് സൗജന്യ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്..
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ പി എം അബ്ദുൽ സലാം അധ്യക്ഷനായി. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രജിത, കൗൺസിലർമാരായ ഷേർലി പൗലോസ്, രജനി, ജയ സുകു എന്നിവർ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow