ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണം. അതിജീവിതയുടെ പരാതിയിൽ ഉത്തരമേഖലാ ഐജി കെ സേതുരാമനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്താതെയാണ് പൊലീസിന് റിപ്പോർട്ട് നൽകിയതെന്നാരോപിച്ച് അതിജീവിത പരാതി നൽകിയിരുന്നു. എന്നാൽ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കെ സുദർശൻ അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു.
പലതവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ 12 ദിവസം സമരം നടത്തിയശേഷമാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്. ഇതിൽ താനും ബന്ധുക്കളും സീനിയർ നഴ്സിങ് ഓഫീസറും നൽകിയ മൊഴി വിശ്വാസത്തിലെടുക്കാതെ ഡോ. കെവി പ്രീതിയുടെ മൊഴി മാത്രമാണ് അന്വേഷണ സംഘം മുഖവിലക്കെടുത്തതെന്ന് അതിജീവിത ആരോപിച്ചു. ഈ സാഹചര്യത്തിൽ പുനരന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് ഉത്തര മേഖല ഐ ജി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.കോഴിക്കോട് നാർക്കോട്ടിക് സെൽ എസിപി ടിപി ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഐജിയുടെ നിർദേശം.
What's Your Reaction?