​​​​​​​തീ പുകയിലേക്ക് സ്വന്തം ജീവന്‍ പണയം വെച്ച് എടുത്തുചാടി രക്ഷിച്ചത് 3 ജീവനുകള്‍; താരമായി പോലീസ് ഉദ്യോഗസ്ഥന്‍; പോലീസ് മെഡല്‍ നല്‍കി ആദരിച്ച് അബുദാബി പോലീസ്

പുകയിലേക്ക് സ്വന്തം ജീവന്‍ പോലും പണയം വെച്ച് എടുത്തുചാടി മൂന്നു ജീവനുകള്‍ രക്ഷിച്ച

Aug 31, 2019 - 19:21
 0
​​​​​​​തീ പുകയിലേക്ക് സ്വന്തം ജീവന്‍ പണയം വെച്ച് എടുത്തുചാടി രക്ഷിച്ചത് 3 ജീവനുകള്‍; താരമായി പോലീസ് ഉദ്യോഗസ്ഥന്‍; പോലീസ് മെഡല്‍ നല്‍കി ആദരിച്ച് അബുദാബി പോലീസ്

പുകയിലേക്ക് സ്വന്തം ജീവന്‍ പോലും പണയം വെച്ച് എടുത്തുചാടി മൂന്നു ജീവനുകള്‍ രക്ഷിച്ച റാഷിദ് മുഹമ്മദ് അല്‍ദഹൂരി എന്ന പോലീസ് ഉദ്യോഗസ്ഥന് അബുദാബി പോലീസിന്റെ ആദരം. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ നല്‍കിയാണ് അദ്ദേഹത്തെ അബുദാബി പോലീസ് ആദരിച്ചത്.

ധീരതയും ആത്മാര്‍പ്പണവും കൈമുതലായുള്ള ഈ ഉദ്യോഗസ്ഥന്‍ ഒരു വില്ലയുടെ രണ്ടാം നിലയില്‍ നിന്നാണ് സ്വന്തം ജീവന്‍ പണയം വെച്ച് അസാമാന്യ ധീരതയോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അബുദാബിയിലെ ബനീയാസിലുള്ള ഒരു വില്ലയിലാണ് അത്യാഹിതമുണ്ടായത്. തീ പിടിച്ച കെട്ടിടത്തിലെ മുകളിലെ മുറിയില്‍ ഒരു വയോധികയും പത്തും പതിനേഴും പ്രായമുള്ള പെണ്‍കുട്ടികളുമാണ് കുടുങ്ങിയത്.

തീ അണയ്ക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന റാഷിദ് സഹായം അഭ്യര്‍ഥിച്ചുള്ള നിലവിളി കേട്ട ഉടനെ താഴെ നിന്നും രണ്ടാം നിലയിലേക്ക് അഗ്‌നിശമന വിഭാഗത്തിന്റെ സഹായത്തോടെ കോണി വച്ച് കുടുങ്ങിയവര്‍ കിടക്കുന്ന മുറിയുടെ ജനലിലെത്തി. അകത്ത് കടന്ന് ആദ്യം പെണ്‍കുഞ്ഞിനെ തോളില്‍ കിടത്തി ഏണി വഴി നിലത്തിറങ്ങി. ഉടന്‍ തന്നെ തിരിച്ചു കയറി നിമിഷങ്ങള്‍ക്കകം മറ്റു രണ്ടുപേരേയും കെട്ടിടത്തിനകത്തെ ഗോവണിയിലൂടെ പുറത്തെത്തിക്കുകയായിരുന്നു. 

വില്ലയിലാകെ പടര്‍ന്ന കറുത്ത പുകയില്‍ നിന്നും രക്ഷനേടാന്‍ ജനലുകളിലൂടെ തലയിട്ട് ശ്വസനം നടത്തുകയായിരുന്ന മൂന്നു ജീവനുകളെയാണ് മുപ്പത്തൊന്നുകാരനായ റാഷിദ് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. സഹായത്തിനു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കൂടി എത്തിയതോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലായെന്ന് റാഷിദ് പറഞ്ഞു.

സ്വദേശി കുടുംബത്തിന്റെ രക്ഷകനായ ഈ യുവാവ് പുറത്ത് എത്തിയപ്പോഴേക്കും പുക ശ്വസിച്ച് തളര്‍ന്നിരുന്നു. ഒരാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.

മറ്റുള്ളവരെ സഹായിക്കാനുള്ള മാനസിക സന്നദ്ധത ഒരു മാനുഷിക സേവനമാണെന്ന് റാഷിദ് അല്‍ദഹൂരി പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ക്കാവശ്യമായ പരിശീലനം നല്‍കിയ തലസ്ഥാന പോലീസിനോടുള്ള കടപ്പാടും റാഷിദ് പ്രകടിപ്പിച്ചു. ഏത് അടിയന്തര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കിയത് പോലീസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുക മൂടിയ രണ്ടാം നിലയില്‍ നിന്നും പത്തു മിനിറ്റിനകം മൂന്നു ജീവന്‍ രക്ഷിച്ച സ്തുത്യര്‍ഹമായ സേവനത്തിന് പോലീസ് മെഡല്‍ നല്‍കിയാണ് അബുദാബി പോലീസ് അദ്ദേഹത്തെ ആദരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow