ക്രെഡിറ്റ് കാർഡ് പ്ലാറ്റ്ഫോമിനെ ബാങ്ക് ഉദ്യോഗസ്ഥൻ 12 കോടി പറ്റിച്ചു
ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ പറ്റിച്ച് 12.5 കോടി രൂപ തട്ടിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജറടക്കം 4 പേരെയാണ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായത് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 33-കാരനായ വൈഭവ് പിട്ടാഡിയയാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ. ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടുള്ളത് ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലാണ്.
ക്രെഡിന്റെ ആക്‌സിസ് ബാങ്കിലെ മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് വൈഭവ് കണ്ടെത്തി. പിന്നാലെ ഇതിനു യൂസര്‍ നെയിമും പാസ്‌വേഡും കിട്ടാനായി ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ വൈഭവ് ഉപയോഗിക്കുകയായിരുന്നു.
ക്രെഡിന്റെ എംഡിയെന്ന പേരിൽ ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി നേഹയെക്കൊണ്ട് ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥനായ വൈഭവ് അപേക്ഷ അയപ്പിച്ചു. വ്യാജമായുണ്ടാക്കിയ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് രേഖയോടൊപ്പം ആക്‌സിസ് ബാങ്കിന്റെ ഗുജറാത്തിലെ അങ്കലേശ്വര്‍ ശാഖയില്‍ നിന്നും നേഹ അപേക്ഷ നല്‍കി. യൂസര്‍ നെയിമും പാസ് വേഡും നഷ്ടപ്പെട്ടെന്നും പുതിയത് നല്‍കണമെന്നുമായിരുന്നു അപേക്ഷ.
വ്യാജ രേഖകളുണ്ടാക്കാന്‍ വൈഭവിനെ സഹായിച്ചത് ശൈലേഷും ശുഭവുമാണ് .ഇതോടെ വൈഭവിന് കോര്‍പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇത് ഉപയോഗിച്ച് ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി സബ് അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലുള്ള ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടുകളിലൂടെ നടക്കാറുള്ളത്.
ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കമ്പനി അക്കൗണ്ടില്‍നിന്ന് 12.5 കോടി രൂപ ഗുജറാത്തിലേയും രാജസ്ഥാനിലേയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തൽ. 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായാണ് ഇത്തരത്തിൽ ഇവർ പണം തട്ടിയത്. ആക്‌സിസ് ബാങ്കിന്റെ പരാതിക്ക് പിന്നാലെ അന്വേഷണം നടത്തിയ ബെംഗളൂരു പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് നേഹയെയാണ്. ഇവരുടെ വെളിപ്പെടുത്തിന് പിന്നാലെ ബാക്കിയുള്ളവരും പൊലീസ് പിടിയിലാവുകയായിരുന്നു.
What's Your Reaction?