Ivan Vukomanovic| കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീം വിട്ടു

Apr 27, 2024 - 17:10
 0
Ivan Vukomanovic|  കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീം വിട്ടു

കേരളാ ബ്ലാസ്റ്റേഴ്‌സിലെ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള മറ്റൊരാൾ ടീമിലുണ്ട്. അത് മറ്റാരുമല്ല സ്വന്തം ടീം പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളത്. കേവലം ഒരു പരിശീലകനും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ബന്ധം ഇവർക്കിടയിലുണ്ട്. അത് കൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്ന് വിളിക്കുന്നത്.  

എക്സിലൂടെയായിരുന്നു ക്ലബ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ക്ലബിന്റെ തീരുമാനം.  ഇവാനുമായി ബന്ധം വിടപറയുന്നതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നതിങ്ങനെ.. ‘‘ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.’’ ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചിട്ടു. പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞതെന്നും ക്ലബിന്റെ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്ലബിന്‍റെ മുന്നേറ്റത്തിൽ പരിശീലകൻ ഇവാൻ വുകോമാനോവിചിന്‍റെ സ്വാധീനം വിലമതിക്കാനാവാത്തതാണെന്ന് സ്‌പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു. ഇവാനോടൊപ്പം പ്രവർത്തിക്കാനായത് വലിയ സന്തോഷവും അംഗീകാരവുമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് കടപ്പെട്ടിരിക്കുന്നു, എല്ലാവിധ ആശംസകളും നേരുന്നുവെന്നും കരോലിസ് വ്യക്തമാക്കി.

2021-22 സീസണ് മുന്നോടിയായിട്ടാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ആ സീസണിൽ ടീമിനെ ഐ എസ്‌ എൽ ഫൈനലിലെത്തിച്ച് അദ്ദേഹം ഞെട്ടിച്ചു. ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് തോറ്റെങ്കിലും കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സീസണുകളിൽ ഒന്നായിരുന്നു അത്. ഇതോടെ ഇവാനുമായുള്ള കരാർ കേരള‌ ബ്ലാസ്റ്റേഴ്സ് ദീർഘിപ്പിച്ചു. 2024-25 സീസൺ വരേക്കാണ് അന്ന് ബ്ലാസ്റ്റേഴ്സ് ഇവാനുമായി പുതിയ കരാർ ഒപ്പിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow