Marco: ഒടിടിയിലെത്തിയത് തിയേറ്റർ പതിപ്പ്; 'മാർക്കോ' അൺകട്ട് പതിപ്പ് റിലീസ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നിർമാതാക്കൾ

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം 100 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ അൺകട്ട് വേർഷൻ ആയിരിക്കും ഒടിടിയിൽ എത്തുക എന്ന് നിർമാതാക്കൾ മുൻപ് അറിയിച്ചിരുന്നു. എന്നാൽ മാർക്കോയുടെ തീയേറ്റർ പതിപ്പ് തന്നെയാണ് ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലെത്തുന്നത് കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.
ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. “മാർക്കോ അൺകട്ട് പതിപ്പ് ഒടിടി റിലീസ് ചെയ്യുന്നതിനായിരുന്നു തങ്ങൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രക്ഷേപണ മന്ത്രാലയത്തിന് വിവിധ പരാതികൾ ഉയർന്നതിനാൽ, ആ പതിപ്പുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഉത്തരവാദിത്തമുള്ള ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, സിനിമയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിന് തങ്ങൾ ബാധ്യസ്ഥരാണ്. അതിനാൽ ഒടിടിയിലും അതേ തിയറ്റർ പതിപ്പുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായി” എന്ന് നിർമാതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സോണി ലിവിലൂടെയാണ് മാർക്കോ സ്ട്രീം ചെയ്യുന്നത്.
What's Your Reaction?






