ഉരുൾപൊട്ടലിൽ ഒലിച്ചത് സാധാരണക്കാരുടെ മക്കളുടെ സ്വപ്‌നങ്ങൾ; മൂന്നാർ ഗവ. കോളേജ് ഓർമയായിട്ട് ആറ് വർഷം

Aug 17, 2024 - 09:17
 0
ഉരുൾപൊട്ടലിൽ ഒലിച്ചത് സാധാരണക്കാരുടെ മക്കളുടെ സ്വപ്‌നങ്ങൾ; മൂന്നാർ ഗവ. കോളേജ് ഓർമയായിട്ട് ആറ് വർഷം

മൂന്നാർ ഗവൺമെന്റ് കോളേജിനെ 2018 ലെ പ്രളയം എടുത്തിട്ട് ആറു വർഷം തിയുന്നു. കേരളത്തെയാകെ വിഴുങ്ങിയ 2018ലെ പ്രളയകാലത്താണ് ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിൽ സ്ഥിതിചെയ്തിരുന്ന മൂന്നാർ ഗവ ആർട്‌സ് കോളേജിൻ്റെ കെട്ടിടം പൂർണമായും തകരുന്നത്. ഉരുൾപൊട്ടലിൽ അന്ന് ഒലിച്ച് പോയത് നിരവധി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വപ്‌നങ്ങൾ കൂടിയായിരുന്നു. 2018 ഓഗസ്റ്റ് 18 ന് പെയ്ത് കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാർ കലാലയം വെറും ഓർമയായി മാറി.

ആ മണ്ണിടിച്ചിലിൽ കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരാപകടവും സംഭവിച്ചില്ല. എന്നാൽ മൂന്നാർ ഗവൺമെന്റ് കോളേജ് എല്ലാവര്ക്കും ഒരു ഓർമ മാത്രമായി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാത്രി പുലർന്നു വന്നപ്പോൾ കോളേജിനു മുകളിലെ ടവ്വർ നിൽക്കുന്ന മലയിൽ നിന്നും ഉരുൾപൊട്ടി മല രണ്ടായി കോളേജിന്റെ പത്തേക്കർ ഭൂമിയെ രണ്ടായി പിളർത്തി. ആഗസ്റ്റ് 19 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന, ആഗസ്റ്റ് 29 മുതൽ അൻപതോളം പെൺകുട്ടികൾ താമസം തുടങ്ങാനിരുന്ന ലേഡീസ് ഹോസ്റ്റലും, പ്രിൻസിപ്പാൾ ക്വാർട്ടേഴ്സും, കിണറും പമ്പ് ഹൗസും, ഇക്കണോമിക്സ് – മാത്തമാറ്റിക്സ് ക്ലാസുകൾ നടന്നിരുന്ന അക്കാദമിക് ബ്ലോക്കും, കംപ്യൂട്ടർ ലാബും, അസാപ് റൂമും കോൺക്രീറ്റ് റോഡുകളും, മതിലും തകർത്ത് ഒരു മല തന്നെ പാതിയിടിഞ്ഞ് കൊച്ചി -മധുര ദേശീയപാതയിലും മാട്ടുപ്പട്ടി ആറ്റിലുമായി പതിച്ചു.

ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയിൽ രണ്ടടി പൊക്കത്തിൽ വെള്ളം നിറഞ്ഞു. ഒഫീസിന്റ പിന്നാമ്പുറം ചളി വന്നു നിറഞ്ഞു. മുറ്റം ചെളിക്കളമായി, പുതിയ അക്കാഡമിക് ബ്ലോക്കിന് സമീപവും ചെറിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായി, വൈദ്യുതബന്ധവും ഇന്റർനെറ്റ് കണക്ടിവിറ്റിയും തകർന്നു തരിപ്പണമായി. ഒരു ജനതയുടെ, തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവന്റെ, സാധാരണക്കാരന്റെ മക്കളുടെ സ്വപ്നങ്ങൾ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി.

എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഒരു മരണ വീട്ടിലേക്ക് എത്തും പോലെ കുട്ടികളും അധ്യാപകരും പ്രതീക്ഷകൾ മുറിഞ്ഞ് തകർന്നു പോയ സ്വപ്ന ഭൂമിയിലേക്കെത്തി. കലി തീരാത്ത വിധം തലയുയർത്തി നിൽക്കുന്ന പാതി മുറിഞ്ഞ മല അവിടെത്തന്നെയുണ്ട്.  

നിരവധി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വപനങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ക്യാമ്പസ് ജീവിതവുമാണ് ആ ഉരുൾപൊട്ടലിൽ ഒലിച്ച് പോയത്. വിദ്യാർത്ഥികളുടെ പഠനം പാതിവഴിയിൽ നിന്നുപോയി. തകർന്ന് കിടക്കുന്ന കോളേജിനെ നോക്കി നിൽക്കാനേ അവർക്കയുള്ളു. തങ്ങളുടെ കോളേജിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും സമരം നടത്തി ഒടുക്കം താൽക്കാലിക സംവിധാനമായി. ഒരുപാട് സ്ഥലങ്ങൾ താൽക്കാലിക കോളേജ് സംവിധാനങ്ങൾ ഒരുക്കാനായി പരിഗണനയിൽ വന്നു.

അവസാനം ഒരുപാട് പൊരുതി എൻജിനിയറിങ് കോളേജിന്റെ വർക്ക് ഷോപ്പിൽ അവർക്ക് മുടങ്ങിയ പഠനം തുടങ്ങാൻ അവസരമൊരുങ്ങി. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ഇരുന്ന് അവർ പഠിച്ചു. മറ്റുള്ള ക്യാമ്പസുകളിലേത് പോലെ ഒരു ക്യാമ്പസ് അന്തരീക്ഷമൊന്നും അവർക്ക് കിട്ടിയില്ല. ഉടൻ തന്നെ പുതിയ കോളേജ് പണിയുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായി. എന്നാൽ എല്ലാം ചർച്ചകളിലൊതുങ്ങി. നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് പുതിയൊരു കെട്ടിടം പണിയുന്നതിനായി ഉയർന്നുവന്നത്.

കഴിഞ്ഞ ആറു കൊല്ലമായി എഞ്ചിനീയറിങ് കോളേജിലെ വർക്ക് ഷോപ്പിലിരുന്നും കണക്കും ശാസ്ത്രവുമൊക്കെ പഠിക്കുന്നവരുണ്ട്. കാരണം ഇവർക്ക് വേറേ നിവൃത്തിയില്ല. കോളേജ് നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു റോഡാണ്. 2019-20-ലെ ബജറ്റിൽ കോളേജിനായി 25 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും പണികൾ തുടങ്ങാനായില്ല. കോളേജ് കെട്ടിടം നിർമിക്കുന്നതിനായി കണ്ടെത്തിയ വിവിധ വകുപ്പുകളുടെ ഭൂമി വിദ്യാഭ്യാസവകുപ്പിന് കൈമാറുന്നതിലെ കാലതാമസമാണ് നിർമാണം തുടങ്ങുന്നതിനുള്ള തടസ്സം.

What's Your Reaction?

like

dislike

love

funny

angry

sad

wow