സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും ഇന്ന് രൂപീകരിക്കും.
സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന കാലത്ത് അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന രണ്ടാമത്തെ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
ഇ.ഡി സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇ.ഡി കത്തിലെ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ മുൻ ഉത്തരവ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഇ.ഡി നൽകിയ കത്തിലും രേഖകളിലും എഫ്.ഐ.ആർ നേരിട്ട് രജിസ്റ്റർ ചെയ്യാൻ മതിയായ വസ്തുതകളുണ്ടെന്നും, സാക്ഷികളുടെയും സംശയിക്കുന്ന വ്യക്തികളുടെയും മൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആരോപണവിധേയർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തെന്നും ഇ.ഡി നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.