ചുഴലിക്കാറ്റിനെ നേരിടാൻ ആറ്റം ബോബുകൾ പ്രയോഗിച്ചാലോ? ഉദ്യോഗസ്ഥരോട് ട്രംപ്
യുദ്ധത്തിൽ മാത്രമല്ല പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ആണവ ബോംബുകൾ ഉപയോഗപ്പെടുത്തമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വെബ്‌സൈറ്റാണ് ട്രംപിനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്
യുദ്ധത്തിൽ മാത്രമല്ല പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ആണവ ബോംബുകൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വെബ്‌സൈറ്റാണ് ട്രംപിനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര മാധ്യമങ്ങൾ പ്രാധാന്യത്തോടെ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ട്രംപ് നടത്തിയ ചർക്കിടെയാണ് ചുഴലിക്കാറ്റിനെ നേരിടാൻ ആറ്റം ബോംബുകൾ ഉപയോഗിക്കാമെന്ന ആശയം ട്രംപ് ചർച്ച ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ സംഭാഷണം എന്നാണു നടന്നതെന്നു റിപ്പോർട്ട് പുറത്തു വിട്ട യുഎസ് വെബ്സൈറ്റ് ആക്‌സിയോസ് വ്യക്തമാക്കിയില്ല.
ഹോംലാൻഡ് സെക്യൂരിറ്റി, നാഷണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്കിടെയാണ് ട്രംപ് സുപ്രധാനമായ ആശയം മുന്നോട്ടുവച്ചത്. ആഫ്രിക്കൻ തീരത്തിനു സമീപത്തുനിന്ന് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിനെ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച് യുഎസിൽ പ്രവേശിക്കുന്നതിനു മുൻപ് കേന്ദ്ര ഭാഗത്ത് ബോംബിട്ട് എന്തുകൊണ്ട് തകർത്തുകൂടായെന്നു ട്രംപ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ട്രംപിന്റെ നിർദേശത്തെ പൂർണമായി തള്ളാതെ തന്നെയാണു ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രതികരിച്ചത്. 2017 ലും ട്രംപ് ഇത്തരം നിർദേശം മുന്നോട്ടു വച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1950ൽ യുഎസ് പ്രസിഡന്റ് ഡി.ഡി ഐസെനോവറിന്റെ കാലത്തും ഇത്തരം അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നുവെങ്കിലും അധികം പഠനങ്ങളും ഗവേഷണങ്ങളും ഈ വിഷയത്തിൽ നടന്നില്ല. ഈ ആശയം ശാസ്ത്രജ്ഞർ പൂർണമായി തള്ളിക്കളയുന്നുമില്ല. പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളിൽ നിലപാട് അറിയിക്കാൻ സാധിക്കില്ലെന്നായിരുന്നു വൈറ്റ്ഹൗസ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ അതിശക്തമായ ചുഴലിക്കാറ്റുകളാണ് യുഎസിൽ ആഞ്ഞടിച്ചത്. ആയിരക്കണക്കിനു ആളുകൾ കൊല്ലപ്പെട്ടു. കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടങ്ങളാണ് പ്രകൃതിദുരിതങ്ങളിൽ മാത്രം യുഎസിനു നേരിടേണ്ടി വരുന്നത്.
What's Your Reaction?