JDU | ആർജെഡിയുമായി വീണ്ടും അടുക്കാൻ നിധീഷ് കുമാർ? അഴിമതി വിരുദ്ധ നിലപാട് വിശദീകരിക്കേണ്ടി വരുമോ?

അഴിമതി രഹിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് 2017ൽ ലാലു പ്രസാദ് യാദവിൻെറ (Lalu Prasad Yadav) രാഷ്ട്രീയ ജനതാദളുമായുള്ള (RJD) ബന്ധം നിതീഷ് കുമാറിൻെറ ജനതാദൾ യുണൈറ്റഡ് (JDU) അവസാനിപ്പിച്ചത്. ഇരുപാർട്ടികളും ചേർന്നാണ് ആ സമയത്ത് ബീഹാർ ഭരിച്ചിരുന്നത്. എന്നാൽ ആർജെഡി അഴിമതി പാർട്ടിയാണെന്ന് ആരോപിച്ച് നിധീഷ് കുമാർ (Nitish Kumar) സഖ്യം അവസാനിപ്പിച്ചു.

Aug 10, 2022 - 00:49
 0

അഴിമതി രഹിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് 2017ൽ ലാലു പ്രസാദ് യാദവിൻെറ (Lalu Prasad Yadav) രാഷ്ട്രീയ ജനതാദളുമായുള്ള (RJD) ബന്ധം നിതീഷ് കുമാറിൻെറ ജനതാദൾ യുണൈറ്റഡ് (JDU) അവസാനിപ്പിച്ചത്. ഇരുപാർട്ടികളും ചേർന്നാണ് ആ സമയത്ത് ബീഹാർ ഭരിച്ചിരുന്നത്. എന്നാൽ ആർജെഡി അഴിമതി പാർട്ടിയാണെന്ന് ആരോപിച്ച് നിധീഷ് കുമാർ (Nitish Kumar) സഖ്യം അവസാനിപ്പിച്ചു. പിന്നീട് ബിജെപിയുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രി ആവുകയും ചെയ്തു. ലാലുവിൻെറ മകനും അന്നത്തെ ഉപ മുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനെതിരെയാണ് ആ സമയത്ത് അഴിമതി ആരോപണം ഉയർന്നിരുന്നത്.

അഞ്ച് വർഷത്തിനിപ്പുറം നിധീഷ് കുമാർ വീണ്ടും ലാലുവുമായി ചേർന്ന് പുതിയ സഖ്യത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാവുന്നത്. എന്നാലിപ്പോൾ ലാലുവിൻെറ പാർട്ടിക്കെതിരായ അഴിമതി ആരോപണങ്ങളും കേസുകളും വർധിച്ചുവെന്നതാണ് യാഥാർഥ്യം. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് അഴിമതി കേസുകളിൽ ലാലു കുറ്റക്കാരനാണെന്ന് കോടതിക്ക് മുൻപിൽ തെളിഞ്ഞിട്ടുണ്ട്. 2017 ജൂലൈ മുതൽ ഏറെക്കാലവും ബീഹാർ മുൻ മുഖ്യമന്ത്രി ജയിലിൽ തന്നെയാണ് കഴിഞ്ഞത്.

ലാലുവിൻെറ അടുത്ത അനുയായിയായ ഭോലാ യാദവിനെ ഈയടുത്ത് അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ലാലു കേന്ദ്ര റെയിൽവേ മന്ത്രി ആയിരുന്ന സമയത്തെ കേസാണിത്. തേജസ്വി യാദവിനെതിരായ കേസിലും പുരോഗതി ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം വെച്ച് കൊണ്ടുള്ള വേട്ടയാടലാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്നതെന്നാണ് ആർജെഡിയുടെ ആരോപണം.

അതേസമയം, 2017ൽ തങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർഥ കാരണം നിധീഷിന് അധികാരത്തിൽ തുടരണം എന്നത് മാത്രമായിരുന്നുവെന്ന് ആർജെഡി മുമ്പ് തന്നെ ആരോപിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസിൽ നേരത്തെ തന്നെ ലാലുപ്രസാദ് ആരോപണവിധേയനായിരുന്നു. എന്നിട്ടും 2015ൽ ആർജെഡിയുമായി സഖ്യത്തിന് ജെഡിയു തയ്യാറായി. അവർ അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

ബിജെപിയുമായുള്ള ബന്ധം നിധീഷ് കുമാർ ഉപേക്ഷിക്കില്ലെന്ന് തന്നെയാണ് ഇപ്പോഴും പാർട്ടിയിലെ ഒരു വിഭാഗത്തിൻെറ ധാരണ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ നിധീഷ് കുമാറിനൊപ്പം ചേർന്ന് തന്നെയായിരിക്കും ബിജെപി മത്സരിക്കുകയെന്ന് നേരത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് നിധീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രി ആവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

“സഖ്യം അവസാനിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. അഞ്ച് അഴിമതിക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുള്ള ഒരു നേതാവിൻെറ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെട്ടാൽ നിധീഷ് കുമാർ ജനങ്ങളോട് മറുപടി പറയേണ്ടി വരും,” ബീഹാറിലെ ഒരു ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു. 2024 വരെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കില്ലെന്നാണ് ജെഡിയു നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിലപാട്. കേന്ദ്ര മന്ത്രിസഭയിൽ തങ്ങൾക്ക് പ്രാതിനിധ്യം വേണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.

ബിജെപിയുമായുള്ള ബന്ധം ഉലയാൻ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കേന്ദ്രത്തിൽ എൻഡിഎയുടെ രാഷ്ട്പതി, ഉപരാഷ്ട്രപതി സ്ഥാനാർഥികളെ ജെഡിയു പിന്തുണച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ബിജെപിയുടെ പ്രധാന നേതാക്കളുമായുള്ള കൂടിക്കാഴ്ച നിധീഷ് ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ബീഹാർ നിയമസഭയിലെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിയോജിപ്പുകളുണ്ടായിരുന്നു. ബീഹാറിൽ ബിജെപി ശക്തി വർധിപ്പിച്ചുവെന്നതാണ് നിധീഷിൻെറ വിയോജിപ്പിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തലുകളുണ്ട്. ഏതായാലും നിധീഷ് കുമാറിൻെറ അടുത്ത നീക്കം എന്താവുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകം.

What's Your Reaction?

like

dislike

love

funny

angry

sad

wow