കടവുഭാഗം സിനഗോഗിനു മുന്നിൽ ബാനറുകൾക്ക് തീയിട്ട സംഭവത്തിൽ നിർണായക വഴിതിരിവ്. സംഭവത്തിൽ പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി.പോൾ (32) എന്നയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിദേശബന്ധവും തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും സംശയിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഒക്ടോബർ 12-ന് പുലർച്ചെ 2:30-ഓടെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടവുഭാഗം സിനഗോഗിന് മുൻവശമുള്ള ബ്ലോസം നഴ്സറി ഗേറ്റിന് മുന്നിൽ അതിക്രമം ഉണ്ടായത്. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തിൽനിന്ന് ഇറങ്ങി പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയത്തിന് സുരക്ഷയുള്ള സ്ഥലത്താണ് ആക്രമണം ഉണ്ടായത്. മാർക്കറ്റിലെ രാത്രികാല സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നത് ആദ്യം വെല്ലുവിളിയായെങ്കിലും, ലഭ്യമായ ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച് പ്രതിയെയും വാഹനവും കണ്ടെത്താൻ പൊലീസിന് സാധിച്ചു. തുടർന്ന് പുത്തൻകുരിശിലെ വാടകവീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ പിടികൂടാനായതോടെ സുപ്രധാന ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമാക്കാൻ പൊലീസിന് കഴിഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് വിദേശബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായും വിവിധ ഓൺലൈൻ ഗ്രൂപ്പുകളുമായും നടത്തിയ ആശയവിനിമയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 'ബോസ്' എന്ന് പ്രതി വിശേഷിപ്പിക്കുന്ന ആളുടെ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും, ഇതിന്റെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുത്ത് ക്രിപ്റ്റോകറൻസിയിലൂടെ പ്രതിഫലം കൈപ്പറ്റിയതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
യഹൂദ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളിൽ സമാനമായ കൃത്യങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിന് പിന്നിൽ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളോ സംഘടിതമായ ആസൂത്രണമോ ഉണ്ടോ എന്ന് കേന്ദ്ര ഏജൻസികളും പൊലീസും ചേർന്ന് ഗൗരവമായി അന്വേഷിച്ചുവരുന്നു. കൂടാതെ, മൂവാറ്റുപുഴയിൽ മുൻപ് നടന്ന സമാനമായ മറ്റൊരു തീവെപ്പ് കേസിലും പ്രതിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ മികച്ച അന്വേഷണം നടത്തിയ കൊച്ചി സിറ്റി പൊലീസ് സംഘത്തെ സംസ്ഥാന പോലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും പ്രത്യേകമായി അഭിനന്ദിച്ചു. കേസിന്റെ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.