ട്രെയിനില്‍ അധിക ലഗേജിന് ഇനി കനത്ത പിഴ
യാത്രയുടെ ഭാഗമായി എത്ര വേണമെങ്കിലും ലഗേജുമായി ട്രെയിനിൽ കയറാമെന്ന രീതിക്ക് അവസാനമാകുന്നു. വിമാനയാത്രയ്ക്കു സമാനമായി ട്രെയിൻ യാത്രയിലും ലഗേജിനു നിയന്ത്രണം ഏർപ്പെടുത്താനാണു റെയിൽവേയുടെ നീക്കം. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്
ന്യൂഡൽഹി∙ യാത്രയുടെ ഭാഗമായി എത്ര വേണമെങ്കിലും ലഗേജുമായി ട്രെയിനിൽ കയറാമെന്ന രീതിക്ക് അവസാനമാകുന്നു. വിമാനയാത്രയ്ക്കു സമാനമായി ട്രെയിൻ യാത്രയിലും ലഗേജിനു നിയന്ത്രണം ഏർപ്പെടുത്താനാണു റെയിൽവേയുടെ നീക്കം. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്. ട്രെയിനിൽ ലഗേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു മൂന്നു ദശാബ്ദക്കാലത്തിലേറെയായി തുടരുന്ന നിയമം കർശനമാക്കാനാണ് റെയിൽവേ നിയന്ത്രണം കൊണ്ടു വകുന്നത്. അധിക ലഗേജുമായി സഞ്ചരിക്കുന്നവർക്ക് നിലവിലെ ഫീസിന്റെ ആറിരട്ടിയായിരിക്കും പിഴ.
നിലവിലെ വ്യവസ്ഥ പ്രകാരം സ്‌ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും വരെ ലഗേജ് സൗജന്യമായി കൊണ്ടു പോകാം. പാഴ്സൽ ഓഫിസിൽ അധികപണം അടച്ചാൽ സ്‌ലീപ്പർ ക്ലാസിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 70 കിലോഗ്രാമും ലഗേജ് കൊണ്ടുപോകാൻ സാധിക്കും. അധികം വരുന്ന ലഗേജ് ട്രെയിനില്‍ ഇതിനായി അനുവദിച്ചിട്ടുള്ള പ്രത്യേക കംപാർട്മെന്റിലായിരിക്കും(ലഗേജ് വാൻ) സൂക്ഷിക്കുക.
‘ഈ നിയമം ഇപ്പോഴും നിലവിലുണ്ട്. അതു ശക്തമാക്കുന്നുവെന്നു മാത്രം. ലഗേജ് വാനിലേക്ക് ബുക്ക് ചെയ്ത് അനുവദിച്ച ഭാരം വരെയുള്ള ലഗേജ് കൊണ്ടുപോകാം. തത്തുല്യമായ തുക അടയ്ക്കണമെന്നു മാത്രം’ റെയിൽവേ ബോർഡ് വക്താവ് വേദ് പ്രകാശ് പറഞ്ഞു. വിമാനയാത്രയ്ക്കു മുന്നോടിയായി ലഗേജ് പരിശോധിക്കുമെങ്കിലും ട്രെയിൻ യാത്രയിൽ ഇത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ ഇടയ്ക്കിടെ ലഗേജ് പരിശോധനയും ഇനിയുണ്ടാകും.
അനുവദിച്ചതിലും അധികം ഭാരവുമായാണു യാത്രയെന്നു തെളിഞ്ഞാൽ ആറിരട്ടിയാണു പിഴത്തുക. ഉദാഹരണത്തിന് 80 കിലോഗ്രാം ഭാരമുള്ള ലഗേജുമായി ഒരാൾ സ്‌ലീപ്പർ ക്ലാസിൽ സഞ്ചരിക്കുന്നു. 500 കിലോമീറ്ററാണ് അദ്ദേഹത്തിന്റെ യാത്രാദൂരം. യഥാര്‍ഥത്തിൽ അദ്ദേഹത്തിന് 40 കിലോഗ്രാം മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ശേഷിക്കുന്ന 40 കിലോഗ്രാം ലഗേജ് വാനിൽ സൂക്ഷിക്കാം– നൽകേണ്ടി വരിക 109 രൂപ മാത്രം. എന്നാൽ ഇക്കാര്യം അവഗണിച്ച് 80 കിലോയുമായി യാത്ര തിരിച്ചാൽ പിഴ നൽകേണ്ടി വരിക 654 രൂപയായിരിക്കും.
പിഴയുടെ കാര്യത്തിൽ മാർജിനൽ അലവൻസും അനുവദിച്ചിട്ടുണ്ട്. എസി ഫസ്റ്റ് ക്ലാസിൽ 15 കിലോ വരെയും എസി ടു–ടയർ സ്‌ലീപ്പർ/ഫസ്റ്റ് ക്ലാസ്, എസി ത്രീ ടയർ സ്‌ലീപ്പർ/എസി ചെയർ കാർ, സ്‌ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് എന്നിവയിൽ 10 കിലോ വീതവുമാണ് മാർജിനൽ അലവൻസ്. ഈ ഭാരവുമായാണു പിടിക്കപ്പെടുന്നതെങ്കിൽ ചുമത്തേണ്ടതിന്റെ ഒന്നര ഇരട്ടി തുകയായിരിക്കും പിഴ.
സൗജന്യമായി കൊണ്ടു പോകാൻ അനുവദിച്ചിട്ടുള്ള ലഗേജിന്റെ പകുതി ഭാരമാണ് അഞ്ചിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അനുവദിച്ചിട്ടുള്ളത്. കംപാർട്മെന്റിൽ കൊണ്ടുപോകാവുന്ന പെട്ടികൾക്കുള്ള വലുപ്പവും (100സെ.മീX 60 സെ.മീ.X 25 സെ.മീ–നീളം, വിസ്തൃതി, ഉയരം) റെയിൽവേ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലാണെന്നു കണ്ടെത്തിയാൽ പെട്ടികൾ പിടിച്ചെടുത്ത് ലഗേജ് വാനിലേക്കു മാറ്റും.
∙ പൊട്ടിത്തെറിക്കുന്നതും കത്തുന്നതുമായ വസ്തുക്കൾ, ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ, ചത്ത പക്ഷികൾ, ആസിഡ് പോലുള്ള ദ്രാവകങ്ങൾ എന്നിവ ലഗേജായി അനുവദിക്കില്ല.
∙ സപ്പോർട്ടിങ് സ്റ്റാൻഡോടു കൂടി ഓക്സിജൻ സിലിണ്ടർ എല്ലാ ക്ലാസ് കംപാർട്മെന്റുകളിലും അനുവദിക്കും. സിലിണ്ടർ ഉപയോഗിക്കുന്ന രോഗി ഒപ്പമുണ്ടായിരിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
∙ കച്ചവടച്ചരക്കുകൾ പഴ്സനൽ ലഗേജായി കൊണ്ടുപോകാൻ അനുവദിക്കില്ല.
∙ അനുവദിച്ചതിലും അധികം ലഗേജ് ബ്രേക്ക് വാനിൽ കൊണ്ടുപോകാൻ മാത്രമേ അനുവാദമുള്ളൂ. ഇതിന്റെ മിനിമം ചാർജ് 30 രൂപയാണ്.
∙ ലഗേജ് മോഷണം പോയതായി കണ്ടെത്തിയാൽ ട്രെയിൻ കണ്ടക്ടർ/കോച്ച് അറ്റൻഡന്റ്/ ഗാർഡ്/പ്രൊട്ടക്‌ഷൻ ഫോഴ്സ് അംഗം ഇവരിൽ ആരെയെങ്കിലും ഇക്കാര്യം അറിയിക്കണം. അവർ നൽകുന്ന എഫ്ഐആർ ഫോം പൂരിപ്പിച്ചു തിരികെ ഏൽപിക്കണം. ഈ പരാതി പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയയ്ക്കും. പൊലീസിൽ പരാതി നൽകുന്നതിനു പാതി വഴി യാത്ര നിർത്തേണ്ട ആവശ്യമില്ല. പ്രധാന റയിൽവേ സ്റ്റേഷനുകളിൽ ആർപിഎഫ് പോസ്റ്റുകളിലും പരാതി നൽകാം.
കൂടുതൽ വിവരങ്ങൾക്ക്: www.indianrail.gov.in
What's Your Reaction?