യുഡിഎഫിലേക്ക് മടങ്ങുന്നെന്ന് കെ.എം.മാണി
യുഡിഎഫിലേക്കു മടങ്ങാൻ തീരുമാനിച്ചെന്ന് കേരള കോൺഗ്രസ് (എം) ചെയര്‍മാൻ കെ.എം.മാണി. തലസ്ഥാനത്തു ചേർന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി. അതേസമയം രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഇന്നു തന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാകും.
‘ഞാനിപ്പോൾ രാജ്യസഭയിലേക്കു പോകുന്നില്ല. ജോസ് കെ.മാണിയും പോകേണ്ടെന്നാണ് എന്റെ അഭിപ്രായം’– സ്ഥാനാർഥി ആരെന്നതിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മാണി വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും മനംമാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ മാണി വ്യക്തമായ മറുപടി നൽകിയില്ല.
സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ സമയം വേണം. പല ഘട്ടങ്ങളിലായി, പല തലങ്ങളിലായി ചർച്ച വേണമെന്നും മാണി പറഞ്ഞു. മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയാണു യുഡിഎഫിലേക്കുള്ള മടങ്ങിവരവിലൂടെ ലക്ഷ്യമിടുന്നത്. മുന്നണിക്കും കർഷക ജനതയ്ക്കും ഏറെ സഹായകരമാകും ഈ തീരുമാനം.
രാജ്യസഭാ സീറ്റിന്മേൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. സീറ്റ് കോൺഗ്രസ് സന്മനസ്സോടെ നൽകിയതാണ്, അറിഞ്ഞു തന്നതാണ്. തങ്ങൾ ഉപാധികളൊന്നും വച്ചിട്ടില്ലെന്നും മാണി പറഞ്ഞു.
What's Your Reaction?