‘കൈതച്ചക്കകൾ ആവശ്യക്കാർക്കു സൗജന്യമായി എടുക്കാം’ വാഹനത്തില്‍ ബോര്‍ഡ് തൂക്കി കര്‍ഷകന്‍
കഴിഞ്ഞ ദിവസം രാവിലെ പൊൻകുന്നം- പാലാ റോഡിൽ കൂരാലിയിൽ എലിക്കുളം പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിറയെ പഴുത്ത കൈതച്ചക്കകളുമായി (Pineapple) ഒരു പിക്കപ് വാൻ എത്തി. വാനിൽ ഒരു പേപ്പർ ബോർഡ് എഴുതി തൂക്കിയ ശേഷം പൈനാപ്പിൾ കൊണ്ടുവന്നയാൾ മടങ്ങി. ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു: ‘കൈതച്ചക്കകൾ ആവശ്യക്കാർക്കു സൗജന്യമായി എടുക്കാം’. തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്നു വിപണിയിൽ കൈതച്ചക്കയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഒപ്പം വിലയും ഇടിഞ്ഞു. കൈതച്ചക്കകൾ വിറ്റഴിക്കാൻ മാർഗവുമില്ലാതെ വന്നതോടെ ഇളങ്ങുളം മറ്റപ്പള്ളി ടോമി ജോസഫാണ് നാട്ടുകാർക്ക് കൈതച്ചക്ക സൗജന്യമായി നൽകിയത്.
‘വിയർപ്പൊഴുക്കി വിളയിച്ച ഇവ നശിച്ചു പോകുന്നതു കാണാൻ കഴിയില്ല, ആരെങ്കിലും കഴിക്കട്ടെ’ - ഇതായിരുന്നു ടോമിയുടെ വാക്കുകൾ. അധ്വാനിച്ചുണ്ടാക്കിയ കൈതച്ചക്ക വിൽക്കാൻ മാർഗമില്ലാതെ വന്ന കർഷകന്റെ നിസ്സഹായതയും പ്രതിഷേധവുമായിരുന്നു അത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വാനിലെ കൈതച്ചക്കൾ തീർന്നു. ഇതോടെ ടോമി വീണ്ടും ഒരു ജീപ്പിൽ കൈതച്ചക്ക എത്തിച്ചു സൗജന്യമായി നൽകി.സ്വന്തം പുരയിടത്തിലെ 6 ഏക്കർ സ്ഥലത്തും തമ്പലക്കാട്, കാഞ്ഞിരമറ്റം, ഉരുളികുന്നം എന്നിവിടങ്ങളിലായി 18 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തും കൈതച്ചക്ക കൃഷി ചെയ്യുകയാണ് ടോമി. കഴിഞ്ഞ 4 വർഷമായി കൃഷി ചെയ്യുന്ന ടോമിക്ക് കഴിഞ്ഞ 2 വർഷവും കോവിഡ് പ്രതിസന്ധി മൂലം കനത്ത നഷ്ടമുണ്ടായി.
Also Read- കേന്ദ്രം എക്സൈസ് തീരുവ കുറച്ചു; പെട്രോൾ, ഡീസൽ, പാചകവാതക വില കുറയും
ഈ വർഷമെങ്കിലും ലാഭം പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് തിരിച്ചടി വേനൽ മഴയുടെ രൂപത്തിലെത്തിയത്. 120 ദിവസം കൊണ്ട് വിളവെത്തുന്ന കൈതച്ചക്കകൾ 140 ദിവസം കഴിഞ്ഞിട്ടും വിളവെടുക്കാൻ കഴിയാതെ വന്നതോടെ പഴുത്തു. പഴുത്തവ മൊത്തക്കച്ചവടക്കാർക്കു വേണ്ടന്നായി. ഒരാഴ്ചയെടുത്ത് വടക്കേ ഇന്ത്യയിലെ മാർക്കറ്റുകളിൽ എത്തുമ്പോഴേക്കും ചീഞ്ഞു പോകുമെന്നതാണു കാരണം. .45 -50 രൂപ വരെ മൊത്തവിലയ്ക്ക് കൊടുത്തു കൊണ്ടിരുന്ന കൈതച്ചക്ക പഴങ്ങൾക്ക് ഇപ്പോൾ 20 രൂപ പോലും ലഭിക്കുന്നില്ല.
What's Your Reaction?