മുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
പോഷകസമൃദ്ധമായ ആഹാരവും മുടിയുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
നിരവധി പേർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. മുടിക്ക് പുറമേ ചെയ്യുന്ന പരിഹാരമാർഗങ്ങൾ ഫലം കാണുമെങ്കിലും ഭക്ഷണവും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പോഷകസമൃദ്ധമായ ആഹാരവും മുടിയുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
പച്ചച്ചീര: ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് പച്ചച്ചീര. തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ് ഈ പോഷകങ്ങളെല്ലാം. ചര്‍മം എണ്ണമയമുള്ളതാക്കി മാറ്റുന്ന സെബം എന്ന ഘടകം ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ എ സഹായിക്കുന്നു. ശരീരത്തില്‍ അയേണിന്റെ അളവ് കുറയുന്നത് മുടി കൊഴിച്ചിലുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ചച്ചീര കഴിക്കുന്നതിലൂടെ അയേണിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കും.
മത്സ്യം: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ചെമ്പല്ലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു
മുട്ട: പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീന്‍ കൊണ്ടാണ് മുടി കിളിര്‍ത്തുവരുന്ന ഫോളിക്കിളുകള്‍ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവ് കുറയുന്നത് തലമുടി കൊഴിയുന്നതിലേക്ക് നയിക്കും. സിങ്ക്, സെലേനിയം തുടങ്ങി മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങളും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മാങ്ങ: മാങ്ങ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമായ പഴങ്ങളിലൊന്നാണ്. മാങ്ങയില്‍ സുലഭമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തലമുടി വരണ്ടുപോകാതെയിരിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ, കാത്സ്യം, ഫോളേറ്റ് എന്നിവയെല്ലാം തലമുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.
തണ്ണിമത്തന്‍: ധാരാളം ജലാംശം അടങ്ങിയ ഒരു ഫലമാണ് തണ്ണിമത്തൻ. നിര്‍ജലീകരണം തടഞ്ഞ് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് തണ്ണമത്തന്‍ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ മികച്ചതാണ്.
What's Your Reaction?