തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ അസഭ്യവർഷവുമായി ഡിഎംകെ പ്രാസംഗിക. ഡിഎംകെ എംപി കനിമൊഴി വേദിയിലിരിക്കെയായിരുന്നു വിവാദപരാമർശം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ടിവികെ രംഗത്തെത്തി.
ടിവികെ സർക്കാർ വാഗ്ദാനം ലംഘനം നടത്തിയെന്ന് ആരോപിച്ച് പ്രസംഗിക്കുന്നതിനിടെയാണ് വനിതാ നേതാവ് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യപരാമർശം നടത്തിയത്. 'എടാ നായേ' എന്ന് പലതവണ വിളിച്ച ഇവർ വിജയ് മൂക്കിൽ പഞ്ഞിവച്ചിരിക്കുമെന്നതുൾപ്പെടെ മോശം പരാമർശങ്ങളാണ് നടത്തിയത്. റീലുകളിലൂടെയാണ് വിജയ് സർക്കാർ അധികാരത്തിലെത്തിയതെന്നും സ്റ്റാലിൻ സർക്കാർ നടപ്പാക്കിയ സബ്‌സിഡികൾ മാത്രമാണ് ടിവികെ തുടരുന്നതെന്നും അവർ കുറ്റപ്പെടുത്തി.
പരാമർശങ്ങളോട് കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെന്നൈ മേയർ പ്രിയരാജൻ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ വനിതാ നേതാവിനും വേദിയിലുമുണ്ടായിരുന്ന കനിമൊഴി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. കനിമൊഴിക്കും മേയർ പ്രിയരാജനെതിരെയും രൂക്ഷവിമർശനമാണ് ടിവികെ പ്രവർത്തകർ നടത്തുന്നത്. ഇതാണോ പുരോഗമന രാഷ്ട്രീയമെന്നും മുഖ്യമന്ത്രിയെ ഇത്തരത്തിൽ അധിക്ഷേപിച്ച് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണോ ഡിഎംകെയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും ടിവികെ പ്രവർത്തകർ ചോദിക്കുന്നു.