കായംകുളം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക പഠനത്തിന് തുടക്കമായി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ 32 പേരടങ്ങിയ സംഘമാണ് പഠനത്തിന്റെ ആദ്യഘട്ടത്തിനായി കായംകുളത്തെത്തിയത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കെ.ടി.ഐ.എൽ) നേതൃത്വത്തിലാണ് പഠനം.
വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാഥമിക സാധ്യതകൾ പ്രസന്റേഷനായി കായംകുളം എസ്.എൻ.ഡി.പി ഹാളിൽ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന് മുൻപാകെ അവതരിപ്പിച്ചു. വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ വിലയിരുത്തി കായംകുളത്തിന്റെ സമഗ്ര വികസനത്തിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പഠന റിപ്പോർട്ട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് പരിപാടിയിൽ സംസാരിക്കവേ മന്ത്രി എം ലിജു പറഞ്ഞു. പ്രാദേശിക ചർച്ചകളിലൂടെ പൊതുഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും
പൊതുഭരണ സംവിധാനത്തിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്തുതലത്തിലുള്ള പ്രാദേശിക ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓരോ ഗ്രാമപഞ്ചായത്തിലെയും വിവിധ മേഖലകളിലെ പ്രശ്നങ്ങളും ആവശ്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
പ്രാദേശിക തലത്തിൽ നടക്കുന്ന ചർച്ചകളിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾക്ക് രൂപം നൽകാനും സാധിക്കും. ഓരോ മേഖലയിലെയും ചെറിയ കാര്യങ്ങൾ പോലും പരിഗണിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കണം. പ്രാദേശിക ചർച്ചകളിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ തുടർചർച്ചകളിൽ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ പൊതുഭരണ സംവിധാനം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കായംകുളം മാർക്കറ്റിന്റെ വ്യാപാര സാധ്യതകൾ, നഗരത്തിന്റെ തനതായ പാരമ്പര്യവും ആചാരങ്ങളും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളും പഠനവിധേയമാക്കും. നഗരത്തിൽ ഭൂമിയുടെ ലഭ്യത, സർക്കാർ ഭൂമികളുടെ വിവരങ്ങൾ, സ്വകാര്യ ഭൂമികളുടെ സ്ഥിതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പഠനസംഘത്തിന് കൈമാറി. നഗരത്തിന്റെ വികസനസാധ്യതകളും നിലവിലുള്ള പ്രശ്നങ്ങളും വിശദമായി വിലയിരുത്തും.
ആദ്യഘട്ട പഠനം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഈ കാലയളവിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക പദ്ധതി രൂപപ്പെടുത്തുകയും ചെയ്യും. തുടർന്ന് ജനപ്രതിനിധികൾ, നഗരസഭ, സമീപ പഞ്ചായത്തുകൾ, വികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രമുഖർ, സംഘടനകൾ എന്നിവരുമായി ചർച്ച നടത്തി നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. സൂക്ഷ്മമായ വിവരങ്ങൾപോലും പരിഗണിച്ച് ജനപങ്കാളിത്തത്തോടെ സമഗ്രമായ വികസന പദ്ധതി രൂപപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കായംകുളത്തിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കുകയുമാണ് ലക്ഷ്യം.
കായംകുളം നഗരസഭാ അധ്യക്ഷൻ ശരത് ലാൽ ബെല്ലാരി, നഗരസഭാ കൗൺസിലർ അസീം നാസർ, നിയോജക മണ്ഡലത്തിലെ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, മുനിസിപ്പൽ സെക്രട്ടറി, ഡോ. മനോജ് കുമാർ കിണി (മാനേജിങ് ഡയറക്ടർ, കെ.ടി.ഐ.എൽ) ഡോ. ബിജിൻ എസ്. കോത്താരി, പ്രൊഫ. പ്രീതി പ്രഭാകർ, പ്രൊഫ. അശ്വതി എം, ഡോ. കാർത്തിക് മോഹൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.