കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താം; നിരക്കുകൾ അറിയാം
സേവ് ദ ഡേറ്റ് ഉൾപ്പടെ വിവാഹ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത തേടുന്നവർക്ക് മുന്നിൽ വലിയ അവസരം മുന്നോട്ടുവെച്ച് കൊച്ചി മെട്രോ
സേവ് ദ ഡേറ്റ് ഉൾപ്പടെ വിവാഹ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത തേടുന്നവർക്ക് മുന്നിൽ വലിയ അവസരം മുന്നോട്ടുവെച്ച് കൊച്ചി മെട്രോ. ഓടുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ മെട്രോ ട്രെയിനുകളിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. അടുത്തകാലത്തായി വ്യത്യസ്തമാർന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ മലയാളികൾക്കിടയിൽ വൈറലാണ്. ഈ സാഹചര്യം മുതലെടുത്താൻ വരുമാന വർദ്ധനയ്ക്കായി കൊച്ചി മെട്രോയുടെ പുതിയ പരീക്ഷണം.
വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ സാധിക്കും. ആലുവ - പേട്ട റൂട്ടിലാണ് സഞ്ചരിച്ചുകൊണ്ടും അല്ലാതെയും ഫോട്ടോ ഷൂട്ട് നടത്താൻ അവസരമുള്ളത്.
നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചും വാടകയ്ക്ക് എടുത്താണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ 12000 രൂപ നൽകേണ്ടിവരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ് നിരക്ക്. കൂടാതെ ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുകയും വേണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക കൊച്ചി മെട്രോ അധികൃതർ തിരിച്ച് നൽകും. ഫോട്ടോഷൂട്ടിനായി ദിവസവും സമയവും നൽകി മുൻകൂട്ടി ബുക്ക് ചെയ്യണം.
What's Your Reaction?