ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം; റിപ്പോർട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി

Aug 17, 2024 - 08:34
 0
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം; റിപ്പോർട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണോയെന്ന തീരുമാനം നിയമപരിശോധനയ്ക്ക് ശേഷം. റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി സർക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ റിപ്പോർട്ടർ പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ റോഷിപാൽ ഉൾപ്പെടെ ഏഴ് പേർക്ക് ഇന്ന് റിപ്പോർട്ടിന്റെ പകർപ്പ് നൽകുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചത്. പുതിയ സാഹചര്യത്തിൽ നിയമ പരിശോധനയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.

ഇന്ന് രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടും എന്നായിരുന്നു സംസ്കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സർക്കാറിനെ സമീപിച്ചതാണ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയത്. റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനിയുടെ ആവശ്യം.

2019 ഡിസംബർ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow