'രാജ്യസഭാ അംഗത്വം രാജിവെക്കില്ല, നുണ പരിശോധനയ്ക്ക് തയ്യാര്‍'; സ്വാതി മലിവാള്‍
നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി സ്വാതി മലിവാള്‍ എംപി. തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണെന്നും എംപി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നും എംപി ആരോപിച്ചു. അതേസമയം രാജ്യസഭാംഗത്വം രാജിവെക്കണമെന്ന എഎപിയുടെ ആവശ്യം എംപി നിഷേധിച്ചു.
അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യവുമായി എഎപി രംഗത്തെത്തിയത്. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും സ്വാതി മലിവാള്‍ പറഞ്ഞു. പോരാടാൻ തന്നെയാണ് തീരുമാനമെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാള്‍ വസതിയില്‍ ഉള്ളപ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് താന്‍ നിലവിളിച്ചപ്പോള്‍ പോലും ആരും രക്ഷിക്കാനെത്തിയില്ല എന്നും മര്‍ദനം ആരുടെയെങ്കിലും നിര്‍ദേശ പ്രകാരം ആണോ എന്ന് അന്വേഷിക്കണമെന്നും സ്വാതി മലിവാള്‍ പറഞ്ഞു. കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നും സ്വാതി മലിവാള്‍ പറഞ്ഞു.
കേസില്‍ കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനമെന്നും സ്വാതി മലിവാള്‍ പറഞ്ഞു. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പി എ മര്‍ദിച്ചുവെന്നാണ് കേസ്.
What's Your Reaction?