ഭരണഘടന നീതിയുടെ കരുത്ത് ഹൈക്കോടതികൾ: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം

Nov 2, 2026 - 11:06
 0
ഭരണഘടന നീതിയുടെ കരുത്ത് ഹൈക്കോടതികൾ: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഭരണഘടനാപരമായ നീതി ഉറപ്പാക്കുന്നതിൽ ഹൈക്കോടതികൾക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  സൂര്യ കാന്ത്.  കേരള ഹൈക്കോടതി പ്ലാറ്റിനം ജൂബിലി ആഘോഷം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് പതിറ്റാണ്ടുകളായി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിലും കേരള ഹൈക്കോടതി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


 ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അടുത്ത ബന്ധം പുലർത്തുന്ന ഹൈക്കോടതികൾക്ക് അവരുടെ പ്രശ്നങ്ങളും പ്രാദേശിക സാഹചര്യങ്ങളും മനസ്സിലാക്കി ഫലപ്രദമായ പരിഹാരങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയും ഹൈക്കോടതികളും പരസ്പരപൂരകമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


വനിതകളുടെ നീതിന്യായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും പരിസ്ഥിതി സംരക്ഷണം, മൗലികാവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ  പുരോഗമനപരമായ നീതിന്യായങ്ങളിലൂടെ ഭരണഘടനാ തത്വങ്ങൾ ജനജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലും കേരള ഹൈക്കോടതി മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിന്യായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള  ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.


കേസുകൾ സമയബന്ധിതമായി പരിഗണിക്കുന്നതിനും അടിയന്തര വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതും നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതും നീതി വൈകുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൈക്കോടതിയുടെ ഏഴ് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യം അനുസ്മരിക്കുന്നതിനൊപ്പം നീതിന്യായ സംവിധാനത്തിന്റെ ഭാവി ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു, അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ,
 ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പീയൂസ് എ. കൊട്ടം തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow