ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പോഡ് ഹോട്ടൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും
ജാപ്പനീസ് ശൈലിയിലാണ് പോഡ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ചെറിയ മുറികളായി താമസ സൗകര്യം ഒരുക്കും. സ്റ്റേഷന്റെ ഒന്നാം നിലയിലുള്ള കാത്തിരിപ്പ് മുറികൾ ഇതിനായി ഉപയോഗിക്കും.

രാജ്യത്തെ ആദ്യത്തെ പോഡ് ഹോട്ടൽ (Pod Hotel) മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ (Mumbai Central Railway Station) നവംബർ 17 ബുധനാഴ്ച ആരംഭിക്കും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) പുതിയ സംരംഭം റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ ഉദ്ഘാടനം ചെയ്യും. ചാർണി റോഡ്, ഗ്രാന്റ് റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഓവർ ബ്രിഡ്ജിനോടൊപ്പമായിരിക്കും ദൻവെ പോഡ് ഹോട്ടൽ ഉദ്ഘാടനം ചെയ്യുക.
ജാപ്പനീസ് ശൈലിയിലാണ് പോഡ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ചെറിയ മുറികളായി താമസ സൗകര്യം ഒരുക്കും. സ്റ്റേഷന്റെ ഒന്നാം നിലയിലുള്ള കാത്തിരിപ്പ് മുറികൾ ഇതിനായി ഉപയോഗിക്കും. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ വൈഫൈ, എയർ കണ്ടീഷനിംഗ്, കീ കാർഡ് ആക്സസ്, വാഷ്റൂമുകൾ, സിസിടിവി നിരീക്ഷണം തുടങ്ങിയ സവിശേഷതകളും പോഡുകളിൽ ഉണ്ടായിരിക്കും. ലോകോത്തര സംവിധാനങ്ങളാണ് ഇതിലൂടെ റെയിൽവേ യാത്രക്കാർക്കായി സജ്ജമാക്കുന്നത്. ഏറ്റവും വില കുറഞ്ഞ പോഡിന് 12 മണിക്കൂറിന് 999 രൂപയാകും ചാർജ്.
അന്താരാഷ്‌ട്ര വിനോദസഞ്ചാരത്തിന് പേരുകേട്ട ജപ്പാനിലെ ഒരു ജനപ്രിയ രീതിയാണ് സ്ലീപ്പിംഗ് പോഡുകൾ. പരമ്പരാഗത ഹോട്ടലുകളേക്കാൾ സ്ലീപ്പിംഗ് പോഡുകൾ വളരെ കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് താമസസൗകര്യം വാഗ്ദാനം ചെയ്യുന്നു. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പോഡ് ഹോട്ടലിൽ സജ്ജീകരിച്ചിരിക്കുന്നത്30 ക്ലാസിക് പോഡുകളും, സ്ത്രീകൾക്ക് മാത്രമുള്ള ഏഴ് സ്ലീപ്പിംഗ് പോഡുകളും, 10 സ്വകാര്യ പോഡുകളും ആണ്. കൂടാതെ ഭിന്നശേഷിക്കാർക്കായി ഒരു പോഡ് ഉൾപ്പടെ ആകെ 48 പോഡുകൾ ആണ് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
2019 ഫെബ്രുവരിയിൽ അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പോഡ് ഹോട്ടലിനെക്കുറിച്ചുള്ള ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ലോകോത്തര സൗകര്യങ്ങൾ കുറഞ്ഞ ബജറ്റിൽ അവതരിപ്പിക്കുകയാണ് പോഡ് ഹോട്ടൽ വഴി ലക്ഷ്യം വെക്കുന്നത്. ഇത് പ്രകാരം കുറഞ്ഞ സ്ഥലത്ത് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. പോഡ് ഹോട്ടൽ സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കരാർ ഓപ്പൺ ടെൻഡർ വഴി 9 വർഷത്തേക്ക് എം/എസ് അർബൻ പോഡ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യൻ റെയിൽവേ നൽകിയിരുന്നു.
പോഡ് ഹോട്ടലിനു പുറമെ അടുത്തിടെ സെൻട്രൽ റെയിൽവേ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) ഒരു ‘റെസ്റ്റോറന്റ് ഓൺ വീൽസ്’ ആരംഭിക്കുകയുണ്ടായി. പഴയ, ഉപയോഗശൂന്യമായ ഒരു റെയിൽ കമ്പാർട്മെന്റ് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു ഈ റെസ്റ്റോറന്റ്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ പ്ലാറ്റ്ഫോം നമ്പർ 2 ന് എതിർ വശത്തായാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
What's Your Reaction?






