യുഎഇയുടെ ഡിജിറ്റൽ കാർഡ് 'ജെയ്‌വാൻ'; നരേന്ദ്ര മോദിയും പ്രസിഡന്റ് ഷേഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കി
യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്‍റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫെയ്സിൽ (UPI) ആണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ റൂപേ കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്. ആദ്യ ജെയ്‌വാൻ കാർഡ് യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.
സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ നൽകിയത് ഇന്ത്യയുടെ നാഷണൽ പേയ്മെന്‍റ് കോർപറേഷനാണ്. ജെയ്‌വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും റൂപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതൽ പണമിടപാടുകൾ നടത്താം.
ഇന്ത്യയുടെ യുപിഐയും യുഎഇയുടെ ആനി(Aani) പേമെന്റ് സംവിധാനവും അതിരുകളില്ലാതെ ഇരുരാജ്യങ്ങളിലും ഉപയോഗിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും ഉഭയകക്ഷി കരാർ തയാറാക്കി. ഫോൺ നമ്പറിലേക്ക് വേഗത്തിൽ പണം അയക്കാൻ സാധിക്കുന്ന സംവിധാനം അടക്കം അടങ്ങിയതാണ് ആനി പേമെന്റ് സിസ്റ്റം.
ഊർജ മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ക്രൂഡിന്റെയും എൽപിജിയുടെയും ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് യുഎഇ എന്നതിന് പുറമേ, ഇന്ത്യ ഇപ്പോൾ എൽഎൻജിക്കായി ദീർഘകാല കരാറുകളിൽ ഏർപ്പെടുകയാണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി യുഎഇയിലെത്തിയത്. ബുധനാഴ്ച അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
What's Your Reaction?