യുവതിയെ നൈറ്റ്ക്ലബ്ബിൽ വിവസ്ത്രയാക്കി മർദിച്ചു; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
Woman Stripped and Beaten at Nightclub; Police Register Case
യുവതിയെ നൈറ്റ്ക്ലബ്ബിൽ വിവസ്ത്രയാക്കി മർദിച്ചു; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ഗുവാഹത്തിയിലെ ഖാനപാറയിലെ നൈറ്റ്ക്ലബ്ബിൽ വ്യാഴാഴ്ച രാത്രി സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ചതായി ആരോപണം. സംഭവത്തിൽ ക്ലബ്ബിലെ ബൗൺസർമാരും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഖാനപാറയിലെ ‘ലോക്കൽസ് കഫേ ആൻഡ് ലോഞ്ച്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. ക്ലബ്ബിനുള്ളിൽ സ്ത്രീയെ തള്ളിയിട്ടശേഷം വസ്ത്രം അഴിപ്പിക്കുകയും മർദിക്കുകയും ചെയ്തതായാണ് ആരോപണം. പുരുഷന്മാരും സ്ത്രീകളുമായ ബൗൺസർമാർ മർദനത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ദൃശ്യത്തിൽ വസ്ത്രങ്ങളില്ലാതെ തറയിൽ കിടക്കുന്ന സ്ത്രീയെ രണ്ട് സ്ത്രീകൾ ചവിട്ടുന്നതായി കാണാം. സമീപത്ത് ഏതാനും പുരുഷന്മാരെയും കാണാം. മറ്റൊരു ദൃശ്യത്തിൽ ഒരു സ്ത്രീ അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കാർ എത്തുകയും ദൃശ്യം മറയ്ക്കുകയും ചെയ്യുന്നതായി കാണാം.
മർദനത്തിനിരയായ സ്ത്രീയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പിന്നീട് ഇവരെ ക്ലബ്ബിന്റെ നാലാം നിലയിൽനിന്ന് പാർക്കിങ് ഏരിയയെന്ന് കരുതപ്പെടുന്ന സ്ഥലത്തേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. മർദനത്തിന് മുമ്പ് ക്ലബ്ബിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല. മാധ്യമപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ നൈറ്റ്ക്ലബ് അടച്ചിട്ട നിലയിലായിരുന്നു. സ്ഥാപനത്തിലെ ലൈറ്റുകളും അണച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ക്ലബ് മാനേജ്‌മെന്റിൽനിന്ന് ആരും പുറത്തുവന്നില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ക്ലബ് മാനേജ്‌മെന്റിലെ ആരെയെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?