പകര്‍ച്ചവ്യാധി പ്രതിരോധം: വകുപ്പുതല അവലോകന യോഗം ചേര്‍ന്നു

Oct 15, 2026 - 13:15
 0
പകര്‍ച്ചവ്യാധി പ്രതിരോധം: വകുപ്പുതല അവലോകന യോഗം ചേര്‍ന്നു

തിരുവനന്തപുരം ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ അഞ്ജു കെ. എസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ വകുപ്പുതല അവലോകന യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സഹകരണത്തോടെ ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അതിഥിത്തൊഴിലാളികള്‍ക്കിടയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ജില്ലാ ആരോഗ്യവിഭാഗവും സംയുക്തമായി നടപ്പാക്കണം. പേവിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കുന്നതിനും മൃഗങ്ങള്‍ക്കും അവയെ പരിചരിക്കുന്നവര്‍ക്കും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിനും മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും നടപടി സ്വീകരിക്കണം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിസരത്ത് പിടിച്ചിട്ടിട്ടുള്ള വാഹനങ്ങളിലും പരിസരത്തും മറ്റും കൊതുകിന്റെ ഉറവിടം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ബിന്ദു മോഹന്‍ വിശദീകരിച്ചു. എല്ലാ വകുപ്പുകളും ആരോഗ്യവകുപ്പുമായി ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകണമെന്ന് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അഭ്യര്‍ഥിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഹോമിയോപ്പതി, ആയുര്‍വേദം, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, വനിതാ-ശിശു വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴില്‍ വകുപ്പ് തുടങ്ങി പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം പ്രത്യേകം വിലയിരുത്തി. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow