മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; പ്രതികളെ വീട് വളഞ്ഞ് പിടികൂടി പോലീസ്
Cannabis seized from Malappuram: ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുമ്പോഴാണ് പോലീസ് റെയ്ഡ് നടത്തിയത്.
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ചെമ്മങ്കടവ് താമരകുഴിയിലാണ് സംഭവം.
മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്. താമരക്കുഴിയിലുള്ള പ്രതി ബ്രിജേഷ് ആന്റണിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് വളഞ്ഞ് പോലീസ് നടത്തിയ റെയിഡിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്.
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇവ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ പാലോളി ഇബ്രാഹിം നേരത്തെ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി പതിനഞ്ചോളം കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ ജിഷിൽ, എസ്ഐമാരായ സന്തോഷ്, തുളസി, ഗോപി മോഹൻ, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ, ജില്ലാ ആൻറി നർക്കോട്ടിക് ടീം അംഗങ്ങളായ ഐകെ ദിനേഷ്, പി സലീം, ആ ഷഹേഷ്, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?