Indian Army Rent Helicopters: സൈന്യം ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നു; അഞ്ച് വർഷത്തേക്ക് 20 എണ്ണം
Indian Army Taking Helicopters for Rent: വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാകും വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ എന്നാണ് സൂചന
അതിര്‍ത്തി നിരീക്ഷണത്തിനും സൈനിക ദൗത്യങ്ങള്‍ക്കുമായി അഞ്ചു വര്‍ഷത്തേക്ക് 20 ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ കരസേന.രാജ്യത്തിൻറെ വടക്കന്‍ പ്രദേശങ്ങളില്‍ കൂടുതൽ നിരീക്ഷണവും ശ്രദ്ധയും ആവശ്യമായതിനാലും ഇവിടങ്ങളിലെ സൈനിക സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തിലുമാണ് ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നത്. പുതി ഹെലി കോപ്റ്ററുകൾ വാങ്ങുന്നത് നീണ്ടു പോവുകയാണ്.
വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാകും വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ എന്നാണ് സൂചന. 20 ഹെലിക്കോപ്റ്ററുകളും അവയുടെ കൺട്രോളിംഗ് ഫെസിലിറ്റിയും സഹിതം അഞ്ചു വര്‍ഷത്തേക്കാണ് വാടകക്കെടുത്തിരിക്കുന്നത്. പൈലറ്റുമാര്‍ക്കും അറ്റകുറ്റപണികള്‍ നടത്തുന്നവര്‍ക്കും വേണ്ട പരിശീലനവും വാടക കാലയളവില്‍ ഹെലിക്കോപ്റ്ററുകളുടെ അറ്റകുറ്റപണിക്കു വേണ്ട പിന്തുണയും വാടക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹെലിക്കോപ്റ്റര്‍ നിര്‍മാണ കമ്പനികളില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വാടകക്ക് നല്‍കുന്ന കമ്പനികളില്‍ നിന്നും പ്രതിരോധവകുപ്പ് കരാറിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2020-ലെ ഡിഫെന്‍സ് അക്വിസിഷന്‍ പ്രൊസീജ്യറിലെ ഒൻപതാം വകുപ്പ് അനുസരിച്ചായിരിക്കും കരാറില്‍ തീരുമാനമെടുക്കുക. ആറു മാസത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ശ്രമം. ഒക്ടോബര്‍ പകുതിയോടെ വിശദാംശങ്ങള്‍ സഹിതം അപേക്ഷ നല്‍കേണ്ടി വരും. രണ്ടു വര്‍ഷത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. വാടക കാലാവധി അഞ്ചു വര്‍ഷമെന്നത് പത്തുവര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ സേനയില്‍ ചീറ്റ, ചേതക്, ചീതള്‍ വിഭാഗങ്ങളിലായി 190 ഹെലിക്കോപ്റ്ററുകളാണുള്ളത്. ഇതില്‍ 70 ശതമാനത്തിലേറെ 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. അഞ്ചെണ്ണത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. 190 ഹെലിക്കോപ്റ്ററുകളില്‍ ശരാശരി 25 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ അറ്റകുറ്റ പണികളിലായിരിക്കും. ആവശ്യമുള്ളതില്‍ 37 ശതമാനത്തിന്റെ കുറവ് ഹെലിക്കോപ്റ്ററുകളുടെ എണ്ണത്തില്‍ സംഭവിക്കുന്നുണ്ട്. കാലപ്പഴക്കത്തിനൊപ്പം ഈ ലഭ്യത കുറവുമാണ് ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് എടുക്കുന്നതിലേക്ക് ഇന്ത്യന്‍ സേനയെ എത്തിച്ചിരിക്കുന്നത്.
അരുണാചലില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു സൈനികന്‍ മരിച്ചതോടെയാണ് ചീറ്റ ഹെലികോപ്റ്ററുകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ചീറ്റ ഹെലികോപ്റ്റര്‍ അപകടങ്ങൾ സൈന്യത്തിനും തലവേദനയായി മാറുകയാണ് . കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്. നിലവില്‍ 190 ഓളം ചീറ്റ, ചേതക്, ചീറ്റല്‍ ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തില്‍ ഉള്ളത്.സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്. പഴയ കണക്കുകൾ നോക്കിയാൽ 30 ലധികം അപകടങ്ങളാണ് ചീറ്റ ഉണ്ടാക്കിയത്. പൈലറ്റുള്‍പ്പെടെ 40 ലധികം സേനാംഗങ്ങൾക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
ചീറ്റയും ചേതക്കും കാലഹരണപ്പെട്ട ഏവിയോണിക്സ് ഉള്ള ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്ററുകളാണ്, ചലിക്കുന്ന മാപ്പ് ഡിസ്പ്ലേ, ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം, കാലാവസ്ഥ റഡാര്‍ തുടങ്ങിയ പ്രധാന സവിശേഷതകളൊന്നും തന്നെ ഇവക്കില്ല. ഓട്ടോപൈലറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ മോശം കാലാവസ്ഥയില്‍ പൈലറ്റിനു ദിശ മാറിയാല്‍ നിയന്ത്രിക്കാന്‍ പോലും സാധിക്കില്ല.ചേതക്കിന് സമതലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ചീറ്റ കഴിവു തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സൈന്യം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചീറ്റയുടെ എഞ്ചിനില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.എന്നാല്‍, അവയില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി തീര്‍ന്നു . പഴയ സാങ്കേതിക വിദ്യയുള്ള ഈ ചീറ്റ കൾ ആധുനിക വാർ ഫീൽഡുകൾക്ക് അനുയോജ്യമല്ല.
ഹെലികോപ്റ്റര്‍ പൈലറ്റുമാരുടെ അഭിപ്രായമനുസരിച്ച് ഓരോ വിമാനത്തിനും അതിന്റേതായ കാലപരിധിയുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചീറ്റകള്‍ ആ പരിധിയും കടന്ന് അതി ജീവിക്കുകയാണ്. ഏകദേശം 4500 മണിക്കൂറാണ് ഒരു ചീറ്റ ഹെലി കോപ്റ്ററിൻറെ പറക്കൽ മണിക്കൂറുകളായി പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈനത്തിലെ ചീറ്റകള്‍ ഏകദേശം 6000-ല്‍ പരം മണിക്കൂറുകള്‍ പറന്നിട്ടുണ്ട്. അതായത് നിഷ്കർഷിച്ചിരിക്കുന്ന സമയത്തിനേക്കാൾ 2000 മണിക്കൂറുകൾ അധികം.
What's Your Reaction?