വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍
മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കോസ്. മുനമ്പം സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദേഹം. ഇവിടുത്തെ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക് വേണ്ടതെന്നും സമ്പൂര്‍ണ്ണമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യുമെന്നും ആ സമരത്തിന് കേരളകത്തോലിക്കാ സഭയുടെയും സകല സുമനസുകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നും കര്‍ദ്ദിനാള്‍ ക്‌ളീമിസ് പറഞ്ഞു.
വഖഫ് നിയമപരിഷ്‌കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതിയാണെന്നും മുനമ്പം നിവസികള്‍ നേരിടുന്ന സമാനതകളില്ലാത്ത ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കൊപ്പം നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാനും മൂവാറ്റുപുഴ രൂപതാധ്യക്ഷനുമായ റവ. ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, കെസിബിസി ജാഗ്രത കമ്മീഷന്‍ വൈസ് ചെയര്‍മാനും കോട്ടപ്പുറം രൂപതാധ്യക്ഷനുമായ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ആലപ്പുഴ രൂപതാധ്യക്ഷനും കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍, കെസിബിസി ജെപിഡി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
What's Your Reaction?