ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും, ഇന്ന് തന്നെ പ്രദർശനാനുമതി ലഭിച്ചേക്കും

Jul 11, 2025 - 11:16
 0
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും, ഇന്ന് തന്നെ പ്രദർശനാനുമതി ലഭിച്ചേക്കും

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലായിരിക്കും സമർപ്പിക്കുക. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയേക്കും.

ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ രംഗങ്ങളിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളിൽ എത്തിക്കാനാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചത്.

സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.

കേസ് കോടതി പരിഗണിച്ചപ്പോൾ ടൈറ്റിൽ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിർമാതാക്കൾ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലിൽ വി എന്ന് ചേർത്താൽ മതിയാകുമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളിൽ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താൽ മതിയെന്നും സെൻസർ ബോർഡ് അംഗങ്ങൾ പറഞ്ഞതായും നിർമാതാവ് വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow