IND vs ENG: എഡ്ജ്ബാസ്റ്റണിൽ ചരിത്രം കുറിച്ച് ഗില്ലും സംഘവും

Jul 7, 2025 - 08:19
 0
IND vs ENG: എഡ്ജ്ബാസ്റ്റണിൽ ചരിത്രം കുറിച്ച് ഗില്ലും സംഘവും

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 336 റൺസ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 608 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇം​ഗ്ലണ്ട് രണ്ടാം ഇന്നിം​ഗ്സിൽ 271 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്റെ പ്രകടനമാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിന്റെ സമനില പ്ലാനുകൾ തെറ്റിച്ചത്. ആകാശ് ആദ്യ ഇന്നിം​ഗ്സില് നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

88 റൺസെടുത്ത ജാമി സ്മിത്താണ് ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ന് ഒല്ലി പോപ്പ് (24), ഹാരി ബ്രൂക്ക് (23), നായകൻ ബെൻ സ്റ്റോക്സ് (33), ബെന്‍ ഡക്കറ്റ് (25), സാക് ക്രോളി (0), ജോ റൂട്ട് (6), ബ്രൈഡൺ കാർസെ (38) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിം​ഗ് പ്രകടനവും ബോളർമാർ നിലവാരത്തിനൊത്ത് ഉയർന്നതുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് നിർണായകമായത്. ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സോടെ കസറിയ ​ഗിൽ രണ്ടാമിന്നിങ്‌സില്‍ 161 റണ്‍സുമായും കസറി.

ഗില്ലിന്റെ ഡബിളും രവീന്ദ്ര ജഡേജ (86), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ ഫിഫ്റ്റികളും തുണച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടിയില്‍ ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ എറിഞ്ഞിട്ട് 180 റണ്‍സിന്റെ ലീഡ് ഇന്ത്യ പിടിച്ചെടുത്തു. വന്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ രക്ഷിച്ചത് ജാമി സ്മിത്തിന്റെയും (184*) ഹാരി ബ്രൂക്കിന്റെയും (158) സെഞ്ച്വറികളാണ്.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ആറു വിക്കറ്റിനു 427 റണ്‍സെന്ന മികച്ച സ്‌കോറിലാണ് ഡിക്ലയര്‍ ചെയ്തത്. ​ഗിൽ 162 ബോളിൽ 161 റണ്‍സ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ (69*), റിഷഭ് പന്ത് (65), കെഎല്‍ രാഹുല്‍ (55) എന്നിവരും ബാറ്റി​ഗില്‍ മികച്ച സംഭാവനകള്‍ നല്‍കി.

ടെസ്റ്റ് ചരിത്രത്തിൽ എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. ഈ മാസം 10 ന് ലോർഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow