'കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെയും നോക്കുകൂലി': നിര്‍മലാ സീതാരാമൻ

നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. ബസ് യാത്രക്കാരുടെ ലഗേജ് ഇറക്കിവെക്കാൻ പോർട്ടർമാർ 50 രൂപ കൂലി വാങ്ങും. ഒപ്പം, അത്രസമയം നോക്കിനിന്നതിന് 50 രൂപ കൂടി വാങ്ങും. ഇതാണ് നോക്കുകൂലി. സിപിഎമ്മുകാരാണ് ഇതിന് പിന്നിൽ. അങ്ങനെയുള്ള കമ്മ്യൂണിസമാണ് കേരളത്തിലുള്ളത്. രണ്ടുദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ നിന്നുള്ളയാളാണ് താനെന്നും പ്രതിപക്ഷ അംഗങ്ങളോട് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെയാണ് നിർമലയുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്. അതിനിടെ, കേന്ദ്രമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ച് കൂടുതൽ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു. ഗവർണറുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്ച അസാധാരണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വ്യക്തത വരുത്തണമെന്നും കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു. അവരിട്ടാൽ ബർമുഡ ഞങ്ങൾ ഇട്ടാൽ വള്ളി ട്രൗസർ എന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും പരിഹസിച്ചു.
അതേസമയം, കൂടിക്കാഴ്ചയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നു. മുഖ്യന്ത്രിയും കേന്ദ്രധനമന്ത്രിയും ഒരുമിച്ചിരുന്ന് ഒരുചായകുടിച്ചതിലെന്താണ് തെറ്റെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
What's Your Reaction?






