ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

Nov 9, 2024 - 10:08
 0
ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ വിലയിടിഞ്ഞ സ്വര്‍ണം വീണ്ടും കുതിപ്പില്‍. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 85 രൂപ വര്‍ദ്ധിച്ച് 7,285 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ വര്‍ദ്ധിച്ച് 58,280 രൂപയായി വില. ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 1,320 രൂപ കുറഞ്ഞിരുന്നു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് 6,000 രൂപയിലെത്തി. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന് 48,000 രൂപയിലെത്തി. വെള്ളിയ്ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ദ്ധിച്ച് 100 രൂപയിലെത്തി വില. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ന് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് വില 2,698 ഡോളറാണ്. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവരെ വില വര്‍ദ്ധനവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ വില ഇടിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം ബുക്ക് ചെയ്തവര്‍ക്ക് വില വര്‍ദ്ധനവ് ബാധകമല്ല. വില വര്‍ദ്ധനവ് ഉണ്ടായിട്ടും നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

സ്വര്‍ണം ലാഭം മാത്രം നല്‍കുന്ന നിക്ഷേപമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് മേഖലയിലെ വിലയിരുത്തലുകള്‍. ലോകരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകരാജ്യങ്ങള്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്നത് നിക്ഷേപകരിലുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.

ഈ സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകര്‍ സുരക്ഷിതരാകുന്നത് സ്വര്‍ണ നിക്ഷേപത്തിലാണ്. ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റത് സ്വര്‍ണ വില ഇനിയും വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. യുഎസ്-ചൈന ബന്ധത്തിലെ ഉലച്ചിലുകള്‍ സ്വര്‍ണം വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow