Munambam land controversy|മുനമ്പം സമരം: ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭ

Nov 9, 2024 - 11:15
Nov 9, 2024 - 11:40
 0
Munambam land controversy|മുനമ്പം സമരം: ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭ

മുനമ്പം വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കത്തോലിക്കാ സഭ. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ (ഞായറാഴ്ച) എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്തു. സമരത്തിന് പിന്തുണ അറിയിച്ച് വരും ദിവസങ്ങളിൽ സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളുടെ നേതൃത്വത്തിൽ വിശ്വാസികൾ മുനമ്പത്ത് എത്തും.

610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നും വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നുമാണ് കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും ആവശ്യം. മുനമ്പത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള സ്ഥലം വഖഫ് ഭൂമിയാണെന്ന അവകാശവാദമാണ് ഒരു ജനതയെ സമരമുനമ്പത്ത് എത്തിച്ചത്.

ആദ്യം പ്രാദേശിക വിഷയമായി തുടങ്ങിയ സമരത്തിന് ഒരു മാസമാകുമ്പോഴേയ്ക്കും വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. സിപിഎമ്മും കോൺഗ്രസും മുനമ്പം പ്രശ്നത്തെ കണ്ടില്ലെന്ന് നടിച്ചപ്പോൾ ബിജെപി പിന്തുണയുമായി എത്തിയതോടെ സമരത്തിന്റെ മാനം മാറി.

പിന്നാലെ ക്രൈസ്തവ സമൂഹത്തിന് ഒപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ വിവിധ കേരളാ കോൺഗ്രസുകളും മുനമ്പത്ത് എത്തി. സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് വിവിധ ക്രൈസ്തവ സംഘടനകൾ വന്നതോടെ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും പ്രശ്നപരിഹാരം ഉണ്ടാകുമെന്നും സിപിഎമ്മിനും കോൺഗ്രസിനും നിലപാട് സ്വീകരിക്കേണ്ടിവന്നു.

ഈ വിഷയം ഉപതെരഞ്ഞെടുപ്പുകളിലും ചർച്ചയാക്കുകയാണ് കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ. മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഞായറാഴ്ച എല്ലാ പള്ളികളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീറോ മലബാർ സഭയിലെ എല്ലാ ഇടവകകളിലും പ്രതിഷേധ യോഗങ്ങളും റാലികളും സംഘടിപ്പിക്കാനാണ് തീരുമാനം. ബിഷപ്പുമാരുടെ നേതൃത്വത്തിൽ സഭയിലെ വിവിധ രൂപതകൾ ഓരോദിവസവും മുനമ്പം സമരത്തിന് പിന്തുണ അറിയിച്ച് എത്തുന്നുണ്ട്.

മുനമ്പം വിഷയത്തില്‍ സര്‍ക്കാരും പതിപക്ഷവും ചേര്‍ന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് സമരവേദിയിലെത്തിയ കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് ലത്തീൻ സഭയുടെയും കെആർഎൽസിസിയുടെ നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow