ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‌റെ കുതിച്ചുചാട്ടത്തിന്റെ പിൻബലത്തിൽ എൻവിഡിയ (NVIDIA) ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. അമേരിക്കൻ ചിപ്പ് നിർമാതാക്കളായ എൻവിഡിയ, സാങ്കേതിക ഭീമന്മാരായ ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളി 4 ട്രില്യൺ ഡോളർ വിപണി മൂല്യം പിന്നിട്ടു. 5% ഉയർച്ച കൂടി ഉണ്ടായാൽ വിപണി മൂല്യം ഇന്ത്യൻ ജി ഡി പിയെ മറികടക്കും. എൻവിഡിയ ഓഹരികൾ പുതിയ സർവ്വകാല ഉയരം കുറിച്ചതോടെയാണ് വാൾസ്ട്രീറ്റിൽ ബുധനാഴ്ച്ച ലോകറെക്കോർഡ് പിറന്നത്.
നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 4.2 ട്രില്യൺ ഡോളറിന്റേതാണ്. 2025 വർഷം അവസാനത്തോടെ ഇന്ത്യൻ ജിഡിപി 4.27 ട്രില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടൽ. നിർമിത ബുദ്ധി സംബന്ധിച്ച ഡെവലപ്മെന്റ്സും പ്രതീക്ഷകളും വാൾസ്ട്രീറ്റിൽ എ.ഐ ബൂം സൃഷ്ടിക്കുകയായിരുന്നു. എൻവിഡിയ ഓഹരികൾ ബുധനാഴ്ച്ച 2.76% ഉയർന്ന് 52 ആഴ്ചകളിലെ ഉയരമായ 164.42 ഡോളറുകളിലെത്തി. 2025 ജൂലൈ 9 പ്രകാരമുള്ള കണക്കുകളിൽ വിപണി മൂല്യത്തിൽ എൻവിഡിയയ്ക്ക് പിന്നിലായുള്ളത് മൈക്രോസോഫ്റ്റ് (3.751 ട്രില്യൺ ഡോളർ), ആപ്പിൾ (3,135 ട്രില്യൺ ഡോളർ) എന്നീ കമ്പനികളാണ്
ഈ വർഷം യു എസ് സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർക്ക് മികച്ച നേട്ടമാണ് എൻവിഡിയ ഓഹരി നൽകിയിരിക്കുന്നത്. ഇയർ-ടു-ഡേറ്റ് അടിസ്ഥാനത്തിൽ, 2025ൽ 17% ഉയർച്ചയാണ് നേടിയത്. പോയ ഒരു മാസത്തിൽ 14.28% റിട്ടേൺ നൽകി. കഴിഞ്ഞ 5 വർഷങ്ങളിലും മികച്ച നേട്ടം നൽകിയിട്ടുമുണ്ട്. ഇക്കാലയളവിൽ 1,455% ലാഭം നൽകിയ ഓഹരി, പോയ ഒരു വർഷത്തിൽ 24% നേട്ടമുണ്ടാക്കി. കഴിഞ്ഞ 5 ട്രേഡിങ് സെഷനുകളിലായി 6.48% ലാഭവും നൽകി.
നിർമിത ബുദ്ധിയുടെ വളർച്ച സംബന്ധിച്ച് യു എസ് നിക്ഷേപകർക്ക് വലിയ പ്രതീക്ഷകളാണുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. ടെക്നോളജിക്കൽ എ ഐ അഡ്വാൻസ്മെന്റിന്റെ നട്ടെല്ലായി ചിപ് മേക്കിങ് മാറുന്നു എന്നതാണ് എൻവിഡിയയ്ക്ക് നേട്ടമായി മാറുന്നത്.
ലോകത്ത് വിപണിമൂല്യം ആദ്യമായി മൂന്നു ട്രില്യൻ ഡോളർ കടന്ന കമ്പനികൾ ആപ്പിളും മൈക്രോസോഫ്റ്റുമാണ്. എന്നാൽ, ഇവയെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് എൻവിഡിയ നടത്തിയത്. 2023 ജൂണിലാണ് കമ്പനിയുടെ വിപണിമൂല്യം ആദ്യമായി ഒരു ട്രില്യൻ ഭേദിച്ചത്. 2024 ഫെബ്രുവരിയിൽ രണ്ടു ട്രില്യൻ ഡോളറും ജൂണിൽ 3 ട്രില്യനും. പിന്നീട് ഒറ്റവർഷംകൊണ്ട് 4 ട്രില്യനിലേക്ക് കുതിച്ചെത്തി.