ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നൽകുന്നത്. ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ചാണ് മോചനത്തിന് മന്ത്രിസഭ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചത്. 2009ലാണ് ഭർത്തൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേർന്ന് വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിൻ ഇപ്പോൾ കണ്ണൂർ ജയിലിലാണ്.
ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നതോടെ ഷെറിൻ ജയിൽ മോചിതയാവും. ഷെറിനെ പുറത്തിറക്കുന്നതിനെ കൊല്ലപ്പെട്ട കാരണവരുടെ ബന്ധുക്കളടക്കം എതിർത്തിരുന്നു. നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാൽ, ഇവർക്ക് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
മദ്യപിച്ച് വഴക്കുണ്ടാക്കി അയൽക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റുരണ്ട് കേസുകളിൽപ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേർ. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളിൽ അഞ്ചുവീതം പ്രതികളാണുള്ളത്.
സർക്കാരിന്റെ ശുപാർശ വച്ചുതാമസിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണർ സംസ്ഥാന സർക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളൻ കേസിൽ വ്യക്തമാക്കിയിരുന്നു. ഗവർണർ തീരുമാനം വൈകിപ്പിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാമായിരുന്നു. ഷെറിനെ മോചിപ്പിക്കാൻ സർക്കാർ രണ്ടുവട്ടം ശുപാർശ നൽകിയിരുന്നു. ഫെബ്രുവരി 13ന് ഗവർണർക്ക് നൽകിയ ശുപാർശ അദ്ദേഹം വിശദീകരണം തേടി തിരിച്ചയച്ചിരുന്നു. അതോടെയാണ് മോചനത്തിന് ഗവർണർക്ക് വീണ്ടും ശുപാർശ നൽകിയതും അത് അംഗീകരിച്ചതും.
25വർഷം വരെ ശിക്ഷയനുഭവിച്ച വനിതകളെ ശിക്ഷായിളവിന് പരിഗണിക്കാതെ ഷെറിനെ ഇളവിന് തിരഞ്ഞെടുത്തതിൽ ആക്ഷേപമുയർന്നിരുന്നു. ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിനുള്ള ശുപാർശയെന്നാണ് ഫയലിലുള്ളത്.
25വർഷം വരെ ശിക്ഷയനുഭവിച്ചവരും രോഗികളുമായവരുടെ മോചനത്തിനുള്ള പൂജപ്പുര, വിയ്യൂർ, നെട്ടുകാൽത്തേരി ജയിൽ ഉപദേശക സമിതികളുടെ ശുപാർശകൾ പരിഗണിക്കാനിരിക്കെയാണ്, 14വർഷമായ ഷെറിന് ഇളവിനുള്ള ശുപാർശയിൽ അതിവേഗം തീരുമാനമെടുത്തത്. അട്ടക്കുളങ്ങര, മാവേലിക്കര അടക്കം വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് ഷെറിനെ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.