ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താൻ വിവിധ നീക്കങ്ങളുമായി തലസ്ഥാനം. സ്വകാര്യ സ്കൂൾ വാഹനങ്ങളിലും വാനുകളിലും സ്കൂളിൽ എത്തുന്ന കുട്ടികളുടെ സുരക്ഷ വിലയിരുത്താൻ നോഡൽ ഓഫീസർമാർക്ക് ചുമതല നൽകി കഴിഞ്ഞു. ഇതിനായി എല്ലാ സർക്കാർ സ്കൂളുകളിലും ഒരു മുതിർന്ന അധ്യാപകനെ ജില്ലാതലത്തിൽ നോഡൽ ഓഫീസറായി നിയമിക്കാനും കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനമായി.അമിതമായി കുത്തിനിറച്ച വാഹനങ്ങൾ, വേണ്ട സുരക്ഷയില്ലാത്ത വാഹങ്ങൾ എന്നിവ നിരീക്ഷിക്കാൻ പദ്ധതിയുണ്ട്, കൂടാതെ അമിതവേഗത്തിൽ കുട്ടികളുമായി പായുന്ന വാഹങ്ങൾക്കെതിരേയും നടപടികൾ ഉണ്ടാവും.
വാഹനങ്ങളിൽ കുത്തിനിറച്ചു കൊണ്ടു പോകുന്നതടക്കമുള്ള കുട്ടികളുടെ യാത്ര നോഡൽ ഓഫീസർമാർ നിരീക്ഷിക്കും. സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിവരങ്ങളും അതിൽ സ്ഥിരം യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും നോഡൽ ഓഫീസർമാർ സൂക്ഷിക്കണം. ജില്ലയിലെ മുഴുവൻ സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ വിവരങ്ങൾ ഇതിനോടകം പോലീസും ശേഖരിച്ചു കഴിഞ്ഞു. സ്കൂളുകളിലെ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കാൻ അധ്യാപകരുടെ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് എന്നിവയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. സ്കൂൾ പരിസരത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനും പകർച്ചവ്യാധി പ്രതിരോധത്തിന് വേണ്ട പ്രവർത്തനങ്ങൾ നിരന്തരം നടപ്പാക്കാനും യോഗം തീരുമാനിച്ചു.