കാരുണ്യം വറ്റി മെഡിക്കല്‍കോളജിലെ കാരുണ്യാ ഫാര്‍മസി: ടോക്കണ്‍ സമ്പ്രദായം പാലിക്കാന്‍ ജീവനക്കാര്‍ക്കു മനസ്സില്ല; രോഗികൾ ദുരിതത്തിൽ
മെഡിക്കല്‍കോളജിലെ കാരുണ്യാ ഫാര്‍മസി ജീവനക്കാരുടെ കാരുണ്യം വറ്റിയ പെരുമാറ്റം കാരണം രോഗികൾ ദുരിതത്തിൽ. കാരുണ്യം പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് ഇവിടെ കുറച്ചു നാളുകളായി കാണാനാവുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഫാര്‍മസിക്കു മുന്നിലുണ്ടായ സംഭവങ്ങള്‍ സേവനരംഗത്തെ മെഡിക്കല്‍കോളജിന്റെ സൽപ്പേരിന് കളങ്കമായിരിക്കുകയാണ്
തിരുവനന്തപുരം: മെഡിക്കല്‍കോളജിലെ കാരുണ്യാ ഫാര്‍മസി ജീവനക്കാരുടെ കാരുണ്യം വറ്റിയ പെരുമാറ്റം കാരണം രോഗികൾ ദുരിതത്തിൽ. കാരുണ്യം പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് ഇവിടെ കുറച്ചു നാളുകളായി കാണാനാവുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഫാര്‍മസിക്കു മുന്നിലുണ്ടായ സംഭവങ്ങള്‍ സേവനരംഗത്തെ മെഡിക്കല്‍കോളജിന്റെ സൽപ്പേരിന് കളങ്കമായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും കാരുണ്യാ ഫാര്‍മസിക്കു മുന്നില്‍ മരുന്നുവാങ്ങാന്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ട നിരയാണ് കാണാനാവുന്നത്. ടോക്കണ്‍ സമ്പ്രദായത്തില്‍ പേരുവിളിച്ച് മരുന്നു നല്‍കിവരുന്നതിനിടയിലും രോഗികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഇവിടെ. ക്രമത്തില്‍ ടോക്കണ്‍ വിളിക്കുന്നതിനു പകരം ജീവനക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ച് മരുന്ന് നല്‍കി ചിലരെ നേരത്തെ പറഞ്ഞുവിടുന്ന പതിവ് രോഗികളെ വല്ലാതെ വലക്കുന്നുണ്ട്. 21ാം തീയതി രാവിലെ ഫാര്‍മസിയിലെത്തിയ ഒരാള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു വാങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഫാര്‍മസിയിലെ ജീവനക്കാരി ഇയാളുടെ കുറിപ്പടി വാങ്ങി വയ്ക്കുകയും മുന്‍ഗണനാ ക്രമം തെറ്റിച്ച് മരുന്ന് വിതരണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഒരുമാസത്തേക്കുള്ള മരുന്ന്, അതും ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ഫാര്‍മസിയില്‍ നിന്നു നല്‍കാന്‍ പാടുള്ളൂ എന്ന നിയമമുണ്ട്. 350ാം നമ്പര്‍ ടോക്കണുള്ള രോഗി മരുന്നുവാങ്ങി പോയശേഷം അടുത്ത ടോക്കണ്‍ വിളിച്ചത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ എത്തിയ 368ാം നമ്പരുകാരനെയാണ്. ഇയാള്‍ സമീപത്തെ ഒരു മെഡിക്കല്‍സ്റ്റോറിന്റെ ആളാണെന്നു സ്ഥിരീകരിക്കപ്പെട്ടതോടെ ക്യൂവില്‍ നിന്നവര്‍ ബഹളമായി. അപ്പോള്‍ ജീവനക്കാരി പറഞ്ഞത് ഇയാള്‍ സ്റ്റാഫാണെന്നാണ്. ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മരുന്നു വാങ്ങാനെത്തിയ ആള്‍ കുഴങ്ങിയത്. പ്രശ്‌നം വഷളാകുമെന്നറിഞ്ഞതോടെ മരുന്നുവാങ്ങാനെത്തിയ ആള്‍ അവിടെനിന്നു മുങ്ങി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ ഇതാണ് അവസ്ഥയെന്നും രോഗികള്‍ പറയുന്നു.
ഞായറാഴ്ചകളിലും അവധിദിവസങ്ങളിലുമാണ് ഈ രീതിയില്‍ മെഡിക്കല്‍സ്റ്റോറുകാര്‍ ജീവനക്കാരുടെ ഒത്താശയോടെ ഇവിടെനിന്ന് മരുന്ന് വാങ്ങി കടത്തുന്നത്. ടോക്കണ്‍ നമ്പര്‍ തെറ്റിച്ച് മരുന്നുവാങ്ങാന്‍ ശ്രമിച്ചയാളെ രോഗികള്‍ ചോദ്യം ചെയ്തതോടെ ജീവനക്കാരികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വേണമെങ്കില്‍ പോലീസിനെ അറിയിച്ചുകൊള്ളൂ, പ്രശ്‌നമില്ല എന്നായിരുന്നു ജീവനക്കാരികളുടെ മറുപടി. ക്യൂവില്‍ നില്‍ക്കാതെ മൊത്തത്തില്‍ മരുന്നുവാങ്ങി എളുപ്പത്തില്‍ പോകുന്നവര്‍ നിരവധിയാണ് ഇവിടെ. അതേസമയം അല്‍പ്പസമയം പോലും നിന്ന് മരുന്നുവാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ട രോഗികള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയും ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് രോഗികളില്‍ ചിലര്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍കോളജ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്നുവില കുറച്ചുനല്‍കുന്ന കാരുണ്യാ ഫാര്‍മസി താങ്ങും തണലും ആകേണ്ടതിനു പകരം തലവേദനയാകുന്ന നിലയിലേക്കെത്തിയിട്ടുണ്ട്.
What's Your Reaction?