യു.എ.ഇയിൽ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഇനി 10 വർഷത്തെ വിസ
രാജ്യാന്തര നിക്ഷേപം ആകർഷിക്കാനും വൈദഗ്ദ്ധ്യമുള്ളവരെ എത്തിച്ച് മനുഷ്യവിഭവശേഷിയിൽ കുതിപ്പു നടത്താനും ലക്ഷ്യമിട്ട് നിക്ഷേപം, താമസം, വിസ തുടങ്ങിയ രംഗങ്ങളിൽ യു.എ.ഇ നടത്തുന്നതു സമഗ്ര പരിഷ്കരണം. രാജ്യാന്തരതലത്തിൽ സാന്പത്തികരംഗത്തെ മൽസരക്ഷമത വർദ്ധിപ്പിക്കാനുള്ള വൈവിധ്യവൽക്കരണത്തിനും നടപടികൾ ആക്കം കൂട്ടും
ദുബൈ : രാജ്യാന്തര നിക്ഷേപം ആകർഷിക്കാനും വൈദഗ്ദ്ധ്യമുള്ളവരെ എത്തിച്ച് മനുഷ്യവിഭവശേഷിയിൽ കുതിപ്പു നടത്താനും ലക്ഷ്യമിട്ട് നിക്ഷേപം, താമസം, വിസ തുടങ്ങിയ രംഗങ്ങളിൽ യു.എ.ഇ നടത്തുന്നതു സമഗ്ര പരിഷ്കരണം. രാജ്യാന്തരതലത്തിൽ സാന്പത്തികരംഗത്തെ മൽസരക്ഷമത വർദ്ധിപ്പിക്കാനുള്ള വൈവിധ്യവൽക്കരണത്തിനും നടപടികൾ ആക്കം കൂട്ടും. എണ്ണയിതര സന്പദ്വ്യവസ്ഥ എന്ന നിലയിൽ യു.എ.ഇയുടെ അതിവേഗ മുന്നേറ്റത്തിന് കളമൊരുക്കുന്നതാണു നടപടി.
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്റർ സന്ദേശത്തിലൂടെയാണു മാറ്റങ്ങളെക്കുറിച്ച് അറിയിച്ചത്. അസാധാരണ മികവുള്ളവരുടെ വളർച്ചയ്ക്കുള്ള രാജ്യാന്തര കേന്ദ്രവും രാജ്യാന്തര നിക്ഷേപകർക്കു സ്ഥിരലക്ഷ്യസ്ഥാനവുമായി യു.എ.ഇ മാറുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
തുറന്ന സാഹചര്യങ്ങൾ, സഹിഷ്ണുതാ മൂല്യങ്ങൾ, അടിസ്ഥാനസൗകര്യം, അയവുള്ള നിയമങ്ങൾ തുടങ്ങിയവ ലോകത്തിലെ ഏറ്റവും കഴിവുള്ളവരെയും രാജ്യാന്തര നിക്ഷേപകരെയും ആകർഷിക്കാൻ യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ വിജ്ഞാപനം നടപ്പാക്കാൻ മറ്റു വകുപ്പുകളുമായി ഏകോപനം നടത്താൻ സാന്പത്തിക മന്ത്രാലയത്തിനു ഷെയ്ഖ് മുഹമ്മദ് നിർദ്ദേശവും നൽകിയിട്ടുണ്ട്.
രാജ്യാന്തര നിക്ഷേപകർക്കു യു.എ.ഇ സംരംഭങ്ങളിൽ നൂറു ശതമാനം ഉടമസ്ഥാവകാശവും പത്തുവർഷ വിസയും നൽകുന്നതു വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകുന്നതിനുള്ള സാഹചര്യമൊരുക്കും. യു.എ.ഇയിൽ ഫ്രീസോണുകൾ ഒഴികെയുള്ള മേഖലയിലെ സംരംഭങ്ങളിൽ സ്വദേശികൾക്ക് 51 ശതമാനവും വിദേശികൾക്കു 49 ശതമാനവും ഉടമസ്ഥാവകാശമെന്നതാണു നിയമം.
നൂറു ശതമാനം ഉടമസ്ഥാവകാശം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യാന്തര കന്പനികൾ പലതും യു.എ.ഇ ലക്ഷ്യമാക്കും. മറ്റു രാജ്യാന്തര വിപണികളുമായി ഭൂമിശാസ്ത്രപരമായ സാമീപ്യം ഈ രംഗത്തു യു.എ.ഇയുടെ സാധ്യത വർദ്ധിപ്പിക്കും. മൂന്നു വർഷമാണു യു.എ.ഇയിൽ പരമാവധി വിസ കാലാവധി. ഫ്രീസോണുകളിലാണു മൂന്നുവർഷത്തേക്കുള്ള വിസ ലഭിക്കുക. മറ്റു മേഖലകളിൽ കാലാവധി രണ്ടുവർഷമാണ്. ഡോക്ടർമാർ, എൻജിനീയർമാർ, വൈദഗ്ദ്ധ്യമുള്ളവർ തുടങ്ങിയവർക്കു പത്തുവർഷ വിസ നൽകുന്നതിലൂടെ മനുഷ്യവിഭവശേഷിയിൽ വന്പൻ കുതിച്ചുചാട്ടമാണു പ്രതീക്ഷിക്കുന്നത്. മെഡിക്കൽ, എൻജിനീയറിംങ്, ശാസ്ത്ര മേഖലകളിലെ ഏറ്റവും മികച്ചവരെ യു.എ.ഇയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയ നടപടിയാണിത്.
യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചുവർഷ വിസയും മികച്ച വിദ്യാർത്ഥികൾക്കു പത്തുവർഷ വിസയും നൽകാനാണ് പദ്ധതി. നിലവിലുള്ള താമസ വിസ സംവിധാനം പരിഷ്കരിക്കും. വിദ്യാർത്ഥികൾക്കു യു.എ.ഇയിൽ സർവ്വകലാശാലാ പഠനത്തിനുശേഷം ജോലി തേടാനുള്ള അവസരവും വിസ നൽകുന്നതിലൂടെ ലഭ്യമാകും. മികവുള്ളവർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനാണു യു.എ.ഇ ശ്രമിക്കുന്നത്.
What's Your Reaction?