ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ലോഗോ പ്രകാശനം
ഖത്തറിന്റെ ചരിത്ര ദിനമായിരുന്നു സെപ്റ്റംബർ 3. മധ്യപൂർവദേശത്തിന്റെ പ്രഥമ ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം രാജ്യ ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി മാറി
ഖത്തറിന്റെ ചരിത്ര ദിനമായിരുന്നു സെപ്റ്റംബർ 3. മധ്യപൂർവദേശത്തിന്റെ പ്രഥമ ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം രാജ്യ ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി മാറി. രാജ്യത്തെ ജനങ്ങൾക്ക് അഭിമാനവും ആവേശവും നിറഞ്ഞ ദിനം കൂടിയായിരുന്നു. ആകാംക്ഷയും വിസ്മയവും ജനിപ്പിച്ച മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം ഖത്തർ ലോകത്തിന് സമ്മാനിച്ചതും വിസ്മയിപ്പിക്കുന്ന ലോഗോ തന്നെയാണ്. ഖത്തറിന്റെ പൈതൃകവും അറബ് ലോകത്തിന്റെ ഫുട്‌ബോൾ ആവേശവും നിറച്ചതായിരുന്നു ഡിസൈൻ. ദോഹയിൽ 7 ഇടങ്ങളിലായാണു ലോഗോ പ്രദർശനം തൽസമയം കാണാൻ സൗകര്യം ഒരുക്കിയിരുന്നത്.
കത്താറ ആംഫി തിയറ്ററിലും സൂഖ് വാഖിഫിലും ആയിരകണക്കിന് ആളുകളാണു തടിച്ചു കൂടിയത്. സ്വദേശികൾക്കും പ്രവാസികൾക്കും ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു ഇന്നലെ രാത്രി 8.22 എന്നത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ലോഗോ പ്രകാശനം കാണാൻ മലബാറിന്റെ ഫുട്‌ബോൾ ആവേശവുമായി മലയാളികളും തടിച്ചുകൂടിയിരുന്നു. ആർപ്പുവിളിയോടെയാണു 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ലോഗോ ജനങ്ങൾ സ്വീകരിച്ചത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ജന്മനാടിന് അവസരം ലഭിച്ചതിൽ സ്വദേശികളും ആഹ്ലാദ തിമിർപ്പിലായിരുന്നു.
രാജ്യത്തിന്റെ ചരിത്ര നിമിഷമായി മാറിയ 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ലോഗോ പ്രകാശനത്തിന് സാക്ഷ്യം വഹിക്കാൻ ഇന്നലെ രാവിലെ മുതൽ സമൂഹ മാധ്യമങ്ങളും സജീവമായിരുന്നു.ഫെയ്സ്‌ബുക് ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഉത്സാഹവും പ്രതീക്ഷയും നിറഞ്ഞ അഭിപ്രായ പ്രകടനങ്ങളും ആശംസയുമൊക്കെയായി രാവിലെ മുതൽ കാത്തിരിപ്പിന്റെ നടുവിലായിരുന്നു ഖത്തറിലെ ജനങ്ങൾ. ഖത്തർ ജനത മാത്രമല്ല ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളും അത്യന്തം ആവേശത്തോടെ കാത്തിരുന്നു.
ലോഗോ പ്രകാശനത്തിനു തൽസമയം സാക്ഷ്യം വഹിച്ചത് ലോകമെമ്പാടുമുള്ള ലക്ഷകണക്കിനാളുകൾ. ഖത്തറിൽ കത്താറ ആംഫി തിയറ്റർ, സൂഖ് വാഖിഫ്, ഷെറാട്ടൻ ഹോട്ടൽ, ടോർച്ച് ദോഹ, ദോഹ ടവർ, സുബാറ ഫോർട്ട്, ആഭ്യന്തര മന്ത്രാലയം ആസ്ഥാന കെട്ടിടം എന്നിവിടങ്ങളിലാണ് ലോഗോ പ്രകാശനം തൽസമയം കാണാൻ സൗകര്യം ഒരുക്കിയത്. കൂടാതെ 23 രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ലോഗോ പ്രദർശിപ്പിച്ചിരുന്നു.
മേഖലയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആളുകൾക്ക് വീടുകളിലിരുന്നും തൽസമയം ലോഗോ പ്രകാശനം കാണാൻ അവസരം ലഭിച്ചിരുന്നു. ഖത്തറിന്റെ കായിക ചാനലായ ബിഇഎൻ സ്‌പോർട്‌സ് ലോഗോ പ്രകാശനം തൽസമയം സംപ്രേഷണം ചെയ്തിരുന്നു.
ഖത്തർ∙ദേശഭക്തി പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളും പോസ്റ്റുകളുമായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ. ലോഗോ പ്രകാശനത്തിനു മണിക്കൂറുകൾക്കു മുൻപെ തന്നെ വിവിധ കോണുകളിൽ നിന്നും ഖത്തറിന് ആശംസ അറിയിച്ചുള്ള ട്വീറ്റുകളുടെ പ്രവാഹമായിരുന്നു . രാജ്യാന്തര ഡിജിറ്റൽ ക്യാംപെയ്നിലൂടെ ലോഗോ പ്രകാശനം ഫുട്‌ബോൾ ലോകം ഒന്നടങ്കം ഒരേ മനസ്സോടെയാണ് ആഘോഷിച്ചതും.
അറബ്, രാജ്യാന്തര ഫുട്‌ബോൾ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലായി മാറിയ ലോഗോ പ്രകാശന വാർത്ത പ്രത്യേക ഹാഷ്ടാഗ് വഴി ലക്ഷകണക്കിനാളുകളാണു പങ്കുവച്ചത്. രാജ്യത്തിന്റെ ഏറ്റവും അഭിമാനകരമായ നിമിഷം, രാജ്യത്തിന്റെ ചരിത്ര ദിനം തുടങ്ങിയ ട്വീറ്റുകൾക്കൊപ്പം സെപ്റ്റംബർ 3 നുള്ള ഖത്തറിന്റെ ചരിത്രപ്രാധാന്യവും സ്വദേശികൾ ഓർമ്മപ്പെടുത്തി.
ഏറെ പ്രത്യേകതകളോടെയാണു ലോക ഫുട്‌ബോൾ ജനത ഒന്നടങ്കം ഉറ്റു നോക്കിയ 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിക്കപ്പെട്ടത്.പ്രകാശനം ചെയ്യുന്ന ദിവസത്തിലും സമയത്തിലും രീതിയിലും സവിശേഷതകൾ ധാരാളം. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു ലോഗോ പ്രകാശനം ചെയ്തത്. 23 രാജ്യങ്ങളിൽ തൽസമയ പ്രദർശനത്തോടെ രാജ്യാന്തര ഡിജിറ്റൽ ക്യാംപെയ്ൻ വഴി ലോകകപ്പ് ലോഗോ പ്രകാശനം ഇതാദ്യം.
What's Your Reaction?