സിഐടിയു നിലപാട് കാരണം ശാഖകൾ പൂട്ടേണ്ടിവരുമെന്ന് മുത്തൂറ്റ് ഫിനാൻസ്
സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്.
സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്. റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു
രണ്ടര വർഷത്തിനിടെ, 8 തവണയാണു സമരം മൂലം ശാഖകൾ അടച്ചിടേണ്ടിവന്നത്. 800 ശാഖകൾ ഉണ്ടായിരുന്നത് 611 ആയി കുറഞ്ഞു. അതിൽ മുന്നൂറിലേറെയും തുറക്കാൻ പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.
മുത്തൂറ്റിന്റെ മൊത്ത വരുമാനം 36,000 കോടി രൂപയാണ്. കേരളത്തിന്റെ വിഹിതം 10 ശതമാനമായിരുന്നെങ്കിലും സമരം മൂലം അതു 4 % ആയി. വരുമാനം കുറവാണെങ്കിലും കമ്പനി ആസ്ഥാനം കേരളത്തിലായതിനാൽ നികുതിയായി 1100 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്.
മുത്തൂറ്റ് ഫിനാൻസിൽ തൊഴിലാളി യൂണിയനില്ല. ഹെഡ് ഓഫിസിലെ 351 ജീവനക്കാരിൽ ഒരാൾ പോലും യൂണിയനിൽ അംഗമല്ല. മേഖലയിലെ ഏറ്റവും മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവുമാണു നൽകുന്നത്. ജീവനക്കാർക്കു കമ്പനിയുടെ ഓഹരി (ഇഎസ്ഒപി) പോലും നൽകുന്നതായും അദ്ദേഹം പറഞ്ഞു.ഇന്നലെ രാവിലെ മുതലാണു ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു ഉപരോധിച്ചത്. മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആരെയും ഓഫിസിൽ പ്രവേശിപ്പിച്ചില്ല.
സിഐടിയു പ്രവർത്തകരെ മറികടന്നു ജീവനക്കാർ ജോലിക്കു കയറാൻ ശ്രമിച്ചപ്പോൾ സംഘർഷവുമുണ്ടായി. സമരം വൈകിട്ട് 5 വരെ തുടർന്നു.ഇതിനിടെ, ജീവനക്കാർ പൊലീസ് സംരക്ഷണം തേടി കമ്മിഷണറെ സമീപിച്ചു. ജീവനക്കാരെ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോർജ് അലക്സാണ്ടർ മുത്തൂറ്റും അവർക്കൊപ്പം നിലത്തു കുത്തിയിരുന്നു. ജീവനക്കാരും സമരക്കാരും മുദ്രാവാക്യങ്ങളോടെ ഇരുഭാഗത്തും നിലയുറപ്പിച്ചതോടെ പൊലീസ് ഇടയ്ക്കുനിന്നു.
സമരത്തിനു പിന്തുണയുമായി എറണാകുളം മാർക്കറ്റിൽ നിന്നടക്കമുളള സിഐടിയു തൊഴിലാളികളുമെത്തി. ബാനർജി റോഡിൽ വൻ ഗതാഗതക്കുരുക്കുമായി.അതേസമയം, നേരത്തേ നോട്ടിസ് നൽകിയായിരുന്നു സമരമെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു. പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നു തിരുവനന്തപുരത്തു ചർച്ച നടക്കുമെന്നും അറിയിച്ചു
What's Your Reaction?